കോവിഡ് വ്യാപനം സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗ തീരുമാനം

268

ഇരിങ്ങാലക്കുട :കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ ശനിയാഴ്ചത്തെ പോസിറ്റിവിറ്റി നിരക്ക് പതിനേഴു ശതമാനമാണന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. മറ്റ് നഗരസഭകളിലെയും, സമീപ പഞ്ചായത്തുകളിലെയും നിരക്കിനേക്കാള്‍ കുറവാണങ്കിലും, വാക്‌സിന്റെ ലഭ്യത കുറവുള്ള സാഹചര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ആവശ്യപ്പെട്ടു. നഗരസഭാ പ്രദേശത്ത്് നാല്‍പത്തിയഞ്ചിനു മുകളില്‍ പ്രായമുള്ള ഇരുപത്തിനാലായിരത്തി അഞ്ഞുറ്റി തൊണ്ണൂറ്റിയാറ് പേരില്‍ ആറായിരത്തി തൊള്ളായിരത്തി നാല്‍പത്തി മുന്നു പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും, ആര്‍. ആര്‍. ടി. കമ്മറ്റികളെ സജീവമാക്കി വളണ്ടിയര്‍മാരെ സജ്ജമാക്കും. പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി വാര്ഡ് തല സാനിറ്റേഷന്‍ കമ്മറ്റികള്‍ ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും. പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ഏപ്രില്‍ 25 ന് ഞായറാഴ്ച നഗരസഭാ പ്രദേശത്ത് ഡ്രൈഡേ ആചരിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ജനതാ പേവാര്‍ഡില്‍ പതിനഞ്ചു കിടക്കകളും, ഐ. സി. യു. വില്‍ ആറു കിടക്കകളും സജ്ജമാക്കിയതായി യോഗത്തില്‍ സംബന്ധിച്ചിരുന്ന ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ മിനിമോള്‍ അറിയിച്ചു. യോഗങ്ങള്‍, സമ്മേളനങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യരുത്. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുന്നതിന് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തണമെന്നും ഡോ മിനിമോള്‍ ചൂണ്ടിക്കാട്ടി. അടിയന്തിര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവക്കണമെന്നും, കോവിഡുമായി ബന്ധമില്ലാത്ത രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ ഇന്‍സ്റ്റിറ്റിയുഷണല്‍ ക്വാറന്റൈന്‍ സെന്ററായി പ്രവര്‍ത്തിച്ച ഔവര്‍ ഹോസ്പിറ്റല്‍ കോവിഡ് ഫസ്റ്റ് ലെയര്‍ ട്രീറ്റ്‌മെന്റ് സെന്ററായി മാറ്റണമെന്നും ആസുപത്രി സൂപ്രണ്ട് ഡോ മിനിമോള്‍ നിര്‍ദ്ദേശിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ എല്ലാ പെരുംതോടുകളും വ്യത്തിയാക്കി ഒഴുക്ക് സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

Advertisement