ഭാഷാപിതാവിലേക്ക് ഒരു തീര്‍ത്ഥയാത്ര- തീക്കടല്‍ കടഞ്ഞ് തിരുമധുരം – ശ്രീ.ആലങ്കോട് ലീലാകൃഷ്ണന്‍

499

ഇരിങ്ങാലക്കുട : ആദരവും ആകാംക്ഷയും ഭക്തിയും ആരാധനയും ഭക്തിയും സ്‌നേഹവും സമന്വയിപ്പിച്ച ഒരു തീര്‍ഥയാത്രയാണ് സി.രാധാകൃഷ്ണന്റെ തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന് പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ ശ്രീ.ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ദീര്‍ഘകാലം പൂരിപ്പിക്കാതെ കിടന്ന ഒരു മഹാസമസ്യയുടെ പൂരണം, അതിനായി ഒരു തപസ്വിയെപ്പോലെ നടത്തിയ ചരിത്രാന്വേഷണയാത്രകള്‍, അവസാനം അധമമായ മനുഷ്യകുലത്തിന്റെ മോക്ഷപ്രാപ്തിക്ക് അക്ഷരമല്ലാതെ വേറൊന്നുമില്ല എന്ന കണ്ടെത്തല്‍, എല്ലാം കൊണ്ടും ഈ കൃതി മലയാള നോവല്‍ ചരിത്രത്തിലെ ഒരു ഇതിഹാസം തന്നെയാണെന്ന് ശ്രീ.ആലങ്കോട് വ്യക്തമാക്കി.ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി നടത്തിവരുന്ന നോവല്‍ സാഹിത്യയാത്രയില്‍ പത്തൊന്‍പതാമത് നോവല്‍ അവതരണം നടത്തുകയായിരുന്നു ശ്രീ.ആലങ്കോട് ലീലാകൃഷ്ണന്‍. വേദാന്തത്തിന്റെ ബീജം ആദിശൈവ പാരമ്പര്യമാണ് എന്നും അതിന്റെ വേരുകള്‍ തേടിയുള്ള ഒരു യാത്രയാണ് താന്‍ ചെയ്തതെന്നും നോവലിസ്റ്റ് ശ്രീ.സി.രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഡോ.സി.കെ.രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീ.ബാലചന്ദ്രന്‍ വടക്കേടത്ത്, ശ്രീ.മുരളീധരന്‍, പി.കെ.ഭരതന്‍, കെ.ഹരി, ജോസ് മഞ്ഞില, എം.ആര്‍.സ്വയംപ്രഭ, കെ.മായ എന്നിവര്‍ സംസാരിച്ചു.

Advertisement