ഇരിങ്ങാലക്കുട :കോവിഡ് – 19 രോഗവ്യാപനം തടയുന്നതിന് വേണ്ട മുൻകരുതലുകൾ എടുക്കുന്നതിനായി ജനപ്രതിനിധികളുടെയും വിവിധ വകുപ്പുദ്യോഗസ്‌ഥന്മാരുടെയും യോഗം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, രോഗവ്യാപനം കുറക്കുന്നതിനുള്ള ഊർജിത നടപടികൾ സ്വീകരിക്കുന്നതിനും, കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്നതിനും, വാർഡ് തലത്തിൽ ജനകീയ കമ്മിറ്റികൾ ഉണ്ടാക്കി പ്രവർത്തനങ്ങൾ ദ്രുത ഗതിയിലാക്കുന്നതിനും യോഗം തീരുമാനം എടുത്തു. കോവിഡ് പ്രതിരോധത്തിന് കൂടുതൽ ജാഗ്രത നൽകണമെന്നും, മാസ്ക് ഉപയോഗിക്കൽ ജീവിതചര്യ ആക്കണമെന്നും ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കണമെന്നും, പഞ്ചായത്ത് തല റാപിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. സൂപ്പർ മാർക്കറ്റുകൾ, കച്ചവട സ്‌ഥാപനങ്ങൾ, എന്നിവിടങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി നടപ്പിലാക്കണം. തിരക്കുള്ള കടകളിൽ ടോക്കൺ ഏർപ്പെടുത്തണം. 10 വയസ്സിനു താഴെയുള്ളവരും 60 വയസ്സിനു മുകളിലുള്ളവരും പുറത്തിറങ്ങരുത്. വഴിയോര കച്ചവടം കർശനമായും നിയന്ത്രിക്കണം. അഥിതി തൊഴിലാളികളെ പഞ്ചായത്ത് തലത്തിൽ നിരീക്ഷിക്കണം. വിവാഹനടത്തിപ്പ്, മരണം എന്നിവക്ക് സർക്കാർ നിശ്ചയിച്ച കോവിഡ് പ്രോട്ടൊക്കോൾ കൃത്യമായി നടപ്പിലാക്കണം. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന് പോലീസിന്റെ സേവനം ഉപയോഗിക്കണം. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി പോലീസ് സ്വീകരിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. എം. എൽ. എ. യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കെ. ഉദയപ്രകാശ്, ജില്ലാ പഞ്ചായത്ത് മെമ്പർ ടി. ജി. ശങ്കരനാരായണൻ, കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ്, മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത സുരേഷ്, ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ്, പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. എസ്. സുധൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ, കാട്ടൂർ ആശുപത്രി സൂപ്രണ്ട് ഡോ. ഷാജി, ഇരിങ്ങാലക്കുട മുൻസിപ്പൽ നോഡൽ ഓഫീസർ സോജൻ, പഞ്ചായത്ത് പെർഫോമൻസ് ഓഫീസർ പണ്ടു സിന്ധു, പോലീസ് പ്രതിനിധികൾ, ഫയർ ഫോഴ്സ് പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ് രോഗവ്യാപനം തടയുന്നതിന് ജനപ്രതിനിധികളുടെയും വിവിധ വകുപ്പുദ്യോഗസ്‌ഥന്മാരുടെയും യോഗം ചേർന്നു
Advertisement