ഇരിങ്ങാലക്കുട:അപകടവസ്ഥയിലായ കൂടൽമാണിക്യം ദേവസ്വം വക കെട്ടിടമായ മണിമാളികയിൽ കച്ചവടം ചെയ്യാൻ അനുമതി നൽകിയ നഗരസഭക്കെതിരെ ദേവസ്വം രംഗത്ത്. അപകടാവസ്ഥയിൽ എന്ന് നഗരസഭയും പൊതുമരാമത്തു വകുപ്പും സെർട്ടിഫൈ ചെയ്ത കെട്ടിടത്തിൽ കച്ചവടം ചെയ്യാൻ ലൈസൻസ് നൽകി ഇരിങ്ങാലക്കുട നഗരസഭയുടെ ഗുരുതര കൃത്യവിലോപം.ശ്രീ കൂടൽമാണിക്യം വക കുട്ടൻകുളത്തിന് സമീപത്തെ ‘മണിമാളിക” കെട്ടിടം പഴകി ജീർണ്ണിച്ച് എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്.ആ കെട്ടിടം നിലനിൽക്കാൻ അനുവദിച്ചാൽ സമീപത്തെ റോഡുകളിലെ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും കെട്ടിടത്തിൽ കച്ചവടം ചെയ്യുന്നവർക്കും കസ്റ്റമേസിനും ജീവനുതന്നെ ഭീഷണിയാണ്.കെട്ടിടം പരിശോധിച്ച് ദേവസ്വം എഞ്ചിനിയർക്ക് പുറമെ ഇരിങ്ങാലക്കുട നഗരസഭ അധികൃതരും PWD എഞ്ചിനിയർമാരും കെട്ടിടം അതീവ അപകടാവസ്ഥയിലാണെന്നും ഉടൻ പൊളിക്കേണ്ടതാണെന്നും റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്.കെട്ടിടത്തിലെ വാടകക്കാരായ കച്ചവടക്കാർ ഈ വസ്തുത മറച്ചുവച്ച് ഉടമയായ കൂടൽമാണിക്യം ദേവസ്വത്തിനെതിരെ കെട്ടിടം പൊളിക്കയോ അവരെ കോടതി മുഖാന്തിരമല്ലാതെ ഒഴിപ്പിക്കുകയോ ചെയ്യരുതെന്ന് ഇഞ്ചങ്ഷൻ ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്.ഫിറ്റ്നെസ് ഇല്ലെന്ന് നഗരസഭ എഞ്ചിനിയറും PWD എഞ്ചിനിയറും സർട്ടിഫൈ ചെയ്ത കെട്ടിടത്തിൽ കച്ചവടം ചെയ്യാൻ ലൈസൻസ് നൽകാൻ നഗരസഭയ്ക്ക് ബാദ്ധ്യതയില്ലാത്തതാണ്. കൂടാതെ ആയത് ചെയ്യാൻ പാടില്ലാത്തതുമാണ്.ഉത്തരവാദരഹിതമായി ഇരിങ്ങാലക്കുട നഗരസഭ, ഫിറ്റ്നെസ് ഇല്ലാത്ത കെട്ടിടത്തലെ കച്ചവടക്കാർക്ക് ലൈസൻസ് നൽകിയ നടപടി പൊതുജനങ്ങളെ വെല്ലുവിളിക്കുന്നതും ജനങ്ങളുടെ ജീവന് തരിമ്പും വില കല്പിക്കുന്നില്ലയെന്നതിന് ഉദാഹരണമാണ്.വിവരാവകാശനിയമപ്രകാരം ബന്ധപ്പെട്ട രേഖകൾക്ക് ദേവസ്വം അപേക്ഷ നൽകിയിട്ടും അവ നൽകാതെ നഗരസഭ ഒളിച്ചുകളി നടത്തുന്നതിനെതിരെയും ദേവസ്വം നടപടിയെടുക്കാൻ തീരുമാനിച്ചു.നഗരസഭയുടെ ധിക്കാരപൂർണ്ണമായ നടപടിക്കെതിരെ ദേവസ്വം ഹൈക്കോടതിയെ സമീപിക്കുവാൻ തീരുമാനിച്ചുവെന്നും ദേവസ്വം ഇറക്കിയ പത്രകുറിപ്പിൽ പറയുന്നു.
ഇരിങ്ങാലക്കുട നഗരസഭക്കെതിരെ കൂടൽമാണിക്യം ദേവസ്വം ഹൈകോടതിയിലേക്ക്
Advertisement