പുല്ലൂര്‍: പോട്ട- മൂന്നുപീടിക സംസ്ഥാനപാത 61 ലെ പുല്ലൂര്‍ മിഷന്‍ ആശുപത്രിക്കും മന്ത്രിപുരത്തിനും മദ്ധ്യേയുള്ള അപകടവളവ് ഒഴിവാക്കുന്നതിനുള്ള രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് വീണ്ടും തുടങ്ങുന്നു. ഈ മാസം തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്നുള്ള വിശ്വാസത്തിലാണ് ഉദ്യോഗസ്ഥര്‍. ഇതിന്റെ മുന്നോടിയായി റോഡില്‍ നില്‍ക്കുന്ന ഈ ഭാഗത്തെ വൈദ്യൂതി കാലുകള്‍ നീക്കണം. എങ്കില്‍ മാത്രമെ കാനകള്‍ സ്ലാബിട്ട് മൂടി ടാറിങ്ങ് അടക്കമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുകയൊള്ളുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടവളവ് ഒഴിവാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വളവിലെ കയ്യേറ്റങ്ങള്‍ ഒഴിവാക്കി വീതി കൂട്ടി ഇരുവശങ്ങളിലും കാനകള്‍ നിര്‍മ്മിച്ച് കോണ്‍ക്രിറ്റ് ചെയ്ത് മണ്ണടിച്ചിരുന്നു. എന്നാല്‍ റോഡില്‍ നിന്നും വൈദ്യൂതി കാലുകള്‍ മാറ്റി സ്ഥാപിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ മണ്ണിട്ട് ഉയര്‍ത്തിയ ഭാഗത്ത് വൈദ്യൂതി കാലുകള്‍ സ്ഥാപിച്ചാല്‍ ഉറപ്പുണ്ടാകില്ലെന്നുള്ളതിനാല്‍ താല്‍ക്കാലികമായി റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിറുത്തിവെക്കുകയായിരുന്നു. മണ്ണ് നന്നായി ഉറച്ചശേഷം മാത്രമെ വൈദ്യൂതി കാലുകള്‍ നീക്കം സ്ഥാപിക്കാന്‍ കഴിയുകയയൊള്ളൂവെന്നാണ് കെ.എസ്.ഇ.ബി. പറയുന്നത്. ഇത് പൊതുമരാമത്ത് വകുപ്പും വൈദ്യൂതി വിഭാഗവും ചെന്ന് പരിശോധിച്ചശേഷം കാലുകള്‍ മാറ്റി സ്ഥാപിക്കും. അതിന് ശേഷം തുടര്‍ന്നുള്ള മറ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീതി കൂട്ടിയഭാഗത്ത് ദിനംപ്രതി കച്ചവടക്കാര്‍ കയ്യേറുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുന്നതോടെ ഇത് ഒഴിവാക്കുമെന്നും അവര്‍ പറഞ്ഞു. 2012ലാണ് പി.ഡബ്ല്യു.ഡി. വളവൊഴിവാക്കിക്കൊണ്ടുള്ള റോഡിനായി സ്ഥലം അടയാളപ്പെടുത്തിയത്. തുടര്‍ന്ന് പലയിടങ്ങളിലും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിവാദമായ വില്ലയുടെ മതിലടക്കമുള്ള കയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതുമൂലം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വൈകുകയായിരുന്നു. പിന്നീട് പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് വിവാദ മതിലിന്റെ ഭാഗങ്ങളടക്കമുള്ളവ പൊളിച്ചുനീക്കിയാണ് റോഡ് വീതികൂട്ടല്‍ ആരംഭിച്ചത്. രണ്ട് കോടിയോളം രൂപയുടെ പ്രവൃത്തികളാണ് ഇവിടെ നടക്കുന്നത്. നൂറിലധികം അപകടങ്ങളും ഇരുപതിലധികം വിലപ്പെട്ട ജീവനുകളും ഇവിടെ പൊലിഞ്ഞിട്ടുണ്ടെന്നാണ് ആളുകള്‍ പറയുന്നത്
സംസ്ഥാനപാത 61ലെ പുല്ലൂര്‍ അപകടവളവിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും
Advertisement