തന്ത്രം ഫലിച്ചു……. ഭാഗ്യം തുണച്ചു…….. മുരിയാട് കോണ്‍ഗ്രസ്സിന് ഒരു ചെയര്‍മാന്‍ കൂടി

213

മുരിയാട്: ഒറ്റകൈമാറ്റ വോട്ടിന്റെ സാധ്യതയെ തന്ത്രപൂര്‍വം ഉപയോഗിച്ച കോണ്‍ഗ്രസ്സിനെ ഭാഗ്യം കൂടി തുണച്ചതോടെ ഒരു ചെയര്‍മാനെ കൂടി ലഭിച്ചു .മുരിയാട് പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായി മൂന്നാം വാര്‍ഡംഗം കോണ്‍ഗ്രസിലെ കെ.വൃന്ദകുമാരി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. നാലംഗ സമിതിയില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച വൃന്ദകുമാരിക്കും സിപിഎമ്മിലെ എ.എം.ജോണ്‍സനും രണ്ടു വോട്ടുകള്‍ വീതമാണ് ലഭിച്ചത്. തുല്യ വോട്ടുകള്‍ വന്നതോടെയാണ് നറുക്കെടുപ്പ് ആവശ്യമായി വന്നത്. മുകുന്ദപുരം സഹകരണ ആഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഒ.കെ.ഡേവിസ് വരണാധികാരിയായിരുന്നു.ക്ഷേമകാര്യ സ്ഥിരം സമിതിയില്‍ നേരത്തെ എല്‍ഡിഎഫിന് മൂന്നും കോണ്‍ഗ്രസിന് ഒന്നും അംഗങ്ങളാണുണ്ടായിരുന്നത്. സിപിഎമ്മിലെ കെ.പി.പ്രശാന്തായിരുന്നു ചെയര്‍മാന്‍ പഞ്ചായത്തു പ്രസിഡന്റായിരുന്ന സരള വിക്രമന്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് സമിതിയംഗമായ സരിത സുരേഷ് പ്രസിഡന്റായി. തുടര്‍ന്ന് വൈസ് പ്രസിഡന്റ് ഷാജു വെളിയത്ത് രാജി വച്ചപ്പോള്‍ സമിതിയിലെ മറ്റൊരംഗമായ പ്രശാന്ത് വൈസ് പ്രസിഡന്റാകുകയായിരുന്നു. ഇതേ തുടര്‍ന്ന് സമിതിയില്‍ രണ്ടംഗങ്ങളുടെ ഒഴിവു വന്നു. ഒറ്റകൈമാറ്റവോട്ടിന്റെ ബലത്തില്‍ ഇതില്‍ ഒന്ന് പിടിച്ചെടുക്കുന്നതിനായി ധനകാര്യ സ്ഥിരം സമിതിയിലെ കോണ്‍ഗ്രസ് പ്രതിനിധിയായ ടെസി ജോഷിയെ സമിതിയംഗത്വം രാജിവെപ്പിച്ചു ക്ഷേമകാര്യ സമിതിയിലേക്ക് മത്സരിപ്പിക്കുകയായിരുന്നു.രണ്ടൊഴിവുള്ള ക്ഷേമകാര്യ സ്ഥിരം സമിതിയിലേക്ക് എല്‍ഡിഎഫില്‍ നിന്നു രണ്ടു പേരും കോണ്‍ഗ്രസില്‍ നിന്നു ഒരാളും മത്സരിച്ചു. ഒമ്പതംഗങ്ങളുള്ള എല്‍ഡിഎഫിന് ഒമ്പതു ഒന്നാം പരിഗണന വോട്ട് നല്‍കിയ സിപിഎമ്മിലെ എ.എം.ജോണ്‍സനെ മാത്രമേ വിജയിപ്പിക്കാന്‍ സാധിച്ചുള്ളൂ. ഏഴംഗങ്ങളുള്ള കോണ്‍ഗ്രസിന് മത്സരിപ്പിച്ച ഒരാളെ വിജയിപ്പിക്കാന്‍ സാധിച്ചതോടെ ഒന്നാം പരിഗണന വോട്ടുകളൊന്നും ലഭിക്കാതെ പോയ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയയായ സിപിഐലെ ഷാജു വെളിയത്ത് തോല്‍ക്കുകയായിരുന്നു. സമിതിയിലുണ്ടായിരുന്ന മൂന്നേ ഒന്ന് എന്ന മേല്‍കൈ എല്‍ഡിഎഫിന് നഷ്ടപ്പെട്ടപ്പോള്‍ സമിതിയംഗത്വത്തില്‍ തുല്യത നേടാന്‍ സാധിച്ചത് കോണ്‍ഗ്രസ്സിന് വിജയമായി. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ഭാഗ്യം കൂടി തുണച്ചതോടെ എല്‍ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മൂന്നു സ്ഥിരം സമിതി ചെയര്‍മാന്‍മാരില്‍ രണ്ടുപേരും കോണ്‍ഗ്രസ്സില്‍ നിന്നുള്ളവരായി. കോണ്‍ഗ്രസ്സിന്റെ ഗംഗാദേവി സുനിലാണ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ അധ്യക്ഷ. ഈ ഭരണ സമിതിയിലെ ആദ്യ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഇപ്പോഴും ഒരു സ്ഥിരം സമിതിയിലും അംഗമാകുന്നതിനു സാധിച്ചിട്ടില്ല. ധനകാര്യ, വികസന സ്ഥിരം സമിതിയിലെ ഒഴിവുള്ള സീറ്റിലേക്കായിരിക്കും ഇനി ഇവരെ പരിഗണിക്കുക.

Advertisement