ആനീസ് വധം ;ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ്

436

ഇരിങ്ങാലക്കുട: നാടിനെ നടുക്കിയ ആനീസ് വധകേസില്‍ പ്രതിയെ കുറിച്ച് ഒരു സൂചന പോലും കണ്ടെത്താന്‍ ലോക്കല്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ്സ് ഊരകം ബൂത്ത് യോഗം ആവശ്യപ്പെട്ടു. മുരിയാട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ താമസക്കാരായ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആനീസ്‌സിനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപെട്ടിട്ട് അമ്പതു ദിവസം പിന്നിട്ടിട്ടും കൊലപാതകത്തെ കുറിച്ചോ കൊലപാതകിയെ കുറിച്ചോ യാതൊന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ഈ സംഭവത്തോടെ പ്രദേശത്തെ ആളുകള്‍ ഭയാശങ്കകളോടെയാണ് ജീവിക്കുന്നത്.കൊലപാതകം നടന്നിട്ട് ഇത്രയും ദിവസമായിട്ടും പ്രതിയെ കണ്ടുപിടിക്കാന്‍ കഴിയാത്തതിലും ജനങ്ങള്‍ ആശങ്കാകുലരാണ്.ഈ സാഹചര്യത്തില്‍ അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്പിക്കുന്നതാണ് ഉചിതമെന്നു കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ തോമസ് തത്തംപിള്ളി പറഞ്ഞു.ഇത് സംബന്ധിച്ചു പ്രദേശവാസികളായ ആയിരം പേര്‍ ഒപ്പിട്ട നിവേദനം മുഖ്യ മന്ത്രിക്കു നല്‍കുമെന്നും തോമസ് തത്തംപിള്ളി അറിയിച്ചു.ബൂത്ത് പ്രസിഡന്റ് കെ.എല്‍.ബേബി അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ എം.കെ.കോരുകുട്ടി ,ടെസ്സി ജോഷി,ഭാരവാഹികളായ സുധാകരന്‍ കൊച്ചുകുളം, ടി.പി.സോജന്‍, എം.കെ.കലേഷ്, കെ.എല്‍.ലോറന്‍സ്, എന്‍.ജെ.ജോഷി, ജോസ് ആലപ്പാട്ട്, എം.സി.രവി എന്നിവര്‍ പ്രസംഗിച്ചു.

Advertisement