മുകുന്ദപുരം സര്‍ക്കിള്‍ സഹകരണയൂണിയന്‍ ഇടതുപക്ഷം നിലനിര്‍ത്തി

168

ഇരിങ്ങാലക്കുട : മുകുന്ദപുരം സര്‍ക്കിള്‍ സഹകരണയൂണിയനിലേക്ക് നടന്നവാശിയേറിയ തെരഞ്ഞെടുപ്പില്‍ പതിനൊന്നില്‍ ഒന്‍പത് സീറ്റ് നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കിള്‍ സഹകരണത്തിന്റെ ഭരണം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം ഏഴ് സീറ്റ് ലഭിച്ച ഇടതുപക്ഷ മുന്നണിക്ക് രണ്ട് സീറ്റ് കൂടുതലാണ് ഇത്തവണ ലഭിച്ചീരിക്കുന്നത്. മികച്ച ഭൂരിപക്ഷത്തോടുകൂടിയാണ് എല്ലാ സ്ഥാനാര്‍ത്ഥികളും വിജയിച്ചീരിക്കുന്നത്. ഇടതുമുന്നണി പാനലില്‍ നിന്നും കെ.സി.ജെയിംസ്, ജോസ്.ജെ.ചിറ്റിലപ്പിള്ളി, എം.എസ്.മൊയ്ദീന്‍, പി.സി.ശശി, എന്നിവര്‍ പ്രാഥമിക-കാര്‍ഷിക സഹകരണ വായ്പാ ബാങ്കുകളുടെ വിഭാഗത്തില്‍ നിന്നും, എം.വി.ഗംഗാധരന്‍, വായ്‌പേതര സംഘങ്ങളുടെ വിഭാഗത്തില്‍ നിന്നും, പി.സി.പ്രദീപ് എസ്.സി.സംവരണസീറ്റില്‍ നിന്നും, ലളിതചന്ദ്രശേഖരന്‍ വനിതാ സംവരണ സീറ്റില്‍ നിന്നും, ജിനി പ്രാഥമിക സഹകരണ സംഘങ്ങളുടെ ജീവനക്കാരുടെ പ്രതിനിധിയുമായുമാണ് തെരഞ്ഞെടുക്കപ്പെട്ടീരിക്കുന്നത്. വ്യവസായ സഹകരണസംഘത്തിന്റെ പ്രതിനിധിയായി കെ.ആര്‍.രവി നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടീരുന്നു. ക്ഷീര സംഘത്തില്‍ നിന്നും യുഡി.എഫിലെ ഷാജു വി.ഒയും, വായ്‌പേതര സംഘത്തിലെ ജീവനക്കാരുടെ പ്രതിനിധിയായി യു.ഡി.എഫിലെ ജോസഫ് ചാക്കോയും തെരഞ്ഞെടുക്കപ്പെട്ടു. വിജയത്തെ തുടര്‍ന്ന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പട്ടണത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.രാമചന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, അഡ്വ.കെ.ആര്‍.വിജയ, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സുധീഷ് ടി.കെ., സിപിഎം ഏരിയാ സെക്രട്ടറി കെ.സി.പ്രേമരാജന്‍, സിപിഐ മണ്ഡലം സെക്രട്ടറി പി.മണി, ജീവനക്കാരുടെ യൂണിയന്റെ ജില്ലാ പ്രസിഡന്റ് പത്മജദേവി, ഏരിയാ സെക്രട്ടറി ഇ.ആര്‍ വിനോദ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം കൊടുത്തു.

Advertisement