ഇരിങ്ങാലക്കുട- കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് ( കെ.എ.എസ്)ചട്ട രൂപീകരണത്തില്‍ റവന്യൂവകുപ്പ് ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കപ്പെടാതെ പോയെന്നാരോപിച്ച് റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ റവന്യുവകുപ്പ് ജീവനക്കാര്‍ പെന്‍ ഡൗണ്‍ സമരം നടത്തി.മറ്റുവകുപ്പുകളിലെ ഉന്നത തസ്തികകളില്‍ നിന്നും പത്തുശതമാനം മാത്രം കെ.എ.എസിലേക്ക് നീക്കിവെക്കപ്പെടുമ്പോള്‍ റവന്യുവകുപ്പിലെ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ നിന്നും മുപ്പതുശതമാനത്തോളം തസ്തികകള്‍ കെ.എ.എസിലേക്ക് മാറ്റപ്പെടുന്നതായി അസോസിയേഷന്‍ ആരോപിച്ചു.ഇത് താഴെതട്ടിലെ ജീവനക്കുരുടെ പ്രമോഷന്‍ സാധ്യതകളെ സാരമായി ബാധിക്കുമെന്ന് പറയപ്പെടുന്നു.മുകുന്ദപുരം താലൂക്ക് ഓഫീസിലേയും വില്ലേജ് ഓഫീസുകളിലേയും ജീവനക്കാര്‍ ഒരുമണിക്കൂര്‍ നേരം ജോലിയില്‍ നിന്നും വിട്ടുനിന്നാണ് സമരത്തില്‍ പങ്കെടുത്തത്.പണിമുടക്കിയ ജീവനക്കാര്‍ സിവില്‍ സ്റ്റേഷനുമുമ്പില്‍ പ്രതിഷേധപൊതുയോഗം നടത്തി.ജോയിന്റ് കൗണ്‍സില്‍ മേഖലാ സെക്രട്ടറി എ.എം.നൗഷാദ് ഉദ്ഘാടനംചെയ്തു. പ്രസിഡണ്ട് ടി.ജെ സാജു അദ്ധ്യക്ഷതവഹിച്ചു.വി.അജിത്കുമാര്‍,പി.എന്‍.പ്രേമന്‍, എം.എസ്.അല്‍ത്താഫ്,ഇ.ജി.റാണി എന്നിവര്‍ സംസാരിച്ചു.
പെന്‍ ഡൗണ്‍ സമരം നടത്തി
Advertisement