രണ്ട് മാസം കൊണ്ട് 2000 പേര്‍ക്ക് സൗജന്യ ചികിത്സയുമായി മേലഡൂര്‍ ആശുപത്രി

327
മേലഡൂര്‍ : ഇരിങ്ങാലക്കുട രൂപതയുടെ ‘സൗജന്യ ചികിത്സാ പദ്ധതി’യുടെ ഭാഗമായി ആരംഭിച്ച ഇന്‍ഫന്റ് ജീസസ് മിഷന്‍ ട്രസ്റ്റ് പോസ്പിറ്റലില്‍ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ രണ്ടായിരം പേര്‍ക്ക് സൗജന്യ ചികിത്സ നടത്തി. ഇക്കഴിഞ്ഞ 2018 ഡിസംബര്‍ 19 നാണ് ആശുപത്രി തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. ദിവസവും 40 നും 50 നും ഇടയില്‍ നാനാജാതി മതസ്ഥരായ രോഗികള്‍ക്ക് സൗജന്യ ചികിത്സയുടെ സൗകര്യം പ്രയോജപ്പെടുന്നു. ഡോ. മിനു ജോര്‍ജ്, ഡോ. സിസ്റ്റര്‍ ജോഫിന്‍ സിഎംസി എന്നീ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് രോഗികളെ പരിചരിക്കുന്നത്.
രണ്ടായിരം രോഗികള്‍ക്ക് വേണ്ടി ആശുപത്രിയുടെ മറ്റു ചിലവുകള്‍ കൂടാതെ മരുന്നിന് മാത്രമായി മൂന്ന് ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞു. വലിയൊരു തുകയാണ് സൗജന്യ ചികിത്സ തുടര്‍ന്നുകൊണ്ടു പോകുന്നതിന് ചെലവാകുന്നതെങ്കിലും പാവപ്പെട്ടവന്റെ ആശ്രയമായ ഈ പദ്ധതി തുടര്‍ന്നുകൊണ്ടു പോവുകതന്നെ ചെയ്യുമെന്ന് ആശുപത്രി ചെയര്‍മാന്‍ കൂടിയായ രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു. മേലഡൂര്‍ ഇടവകയുടെയും നാട്ടിലും വിദേശത്തുമുള്ള സുമനസ്സുകളുടെയും സഹകരണം തുടര്‍ന്നും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാകുമെന്നു അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രണ്ടായിരം രോഗികള്‍ തികയുന്ന അവസരത്തില്‍ മതബോധന വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ആക്ടിംഗ് ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് ചെതലന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വിമല്‍ പേങ്ങിപറമ്പില്‍ എന്നിവരും കണ്‍വീനര്‍ ആന്റണി ചക്കാലക്കല്‍, സെക്രട്ടറി വര്‍ഗീസ് സി.ഡി, ട്രഷറര്‍ വര്‍ഗീസ് സി.വി, കമ്മറ്റി അംഗങ്ങളായ ഡേവിസ് ചക്കാലക്കല്‍, ജെന്നി ചക്കാലക്കല്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Advertisement