ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായി ക്രിക്കറ്റ് താരം : സായൂജ്യ സലിലന്‍ അണ്ടര്‍-19 ചലഞ്ചര്‍ ട്രോഫി ടീമില്‍

995

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായി മറെറാരു കായിക താരം കൂടി-സായൂജ്യ സലിലന്‍. അണ്ടര്‍-19 ചലഞ്ചര്‍ ട്രോഫി ടീമില്‍ ഇടം നേടിയാണ് വെള്ളാനി നന്തിയിലെ പ്രശസ്ത നാടന്‍ പാട്ടു കലാകാരനായ കൊല്ലായില്‍ സലിലന്‍-ഓമന ദമ്പതികളുടെ മകള്‍ വണ്‍-ഡൗണ്‍ ബാറ്റ്സ്മാന്‍ സായൂജ്യ സലിലന്‍ ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായത്. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗ്രീനിനു വേണ്ടിയാണ് സായൂജ്യ പാഡണിയുന്നത്.സെന്‍ട്രല്‍ സോണ്‍ ചാംപ്യന്‍ഷിപ്പ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് അണ്ടര്‍-19 സംസ്ഥാന ക്യാംപിലേക്കുള്ള വഴിതെളിയിച്ചത്. തുടര്‍ന്ന് ടീമിലിടം ലഭിച്ച സായൂജ്യ ദേശീയ ചാംപ്യന്‍ഷിപ്പില്‍ നാഗാലന്‍ഡിനെതിരേ അര്‍ധസെഞ്ചുറി നേടിയിരുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സായൂജ്യക്കായി. ഈ പ്രകടന മികവാണ് ചലഞ്ചര്‍ ട്രോഫിയിലേക്ക് സായൂജ്യയെയും എത്തിച്ചത്. നിലവില്‍ എറണാകുളം ക്രിക്കറ്റ് അക്കാദമിയുടെ താരമായ സായൂജ്യ വയനാട് ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്.ആലുവ യു.സി കോളേജില്‍ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയാണ് സായൂജ്യ.മദ്രാസ് യൂണിവേഴ്സിറ്റിയില്‍ എം.എസ്.സി ജിയോളജി ചെയ്യുന്ന പ്രിന്‍സ് സലിലന്‍ സഹോദരനാണ്.

 

Advertisement