ബസ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു, കണ്ണും മിഴിച്ച് അധികാരികള്‍

3682

ഇരിങ്ങാലക്കുട :തൃശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ബസ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്ന് രാവിലെ 7. 45 ഓടെ നടവരമ്പ് ചിറവളവില്‍ വെച്ചാണ് ആദ്യത്തെ ബസ് അപകടത്തില്‍ പെട്ടത്. നിറയെ യാത്രക്കാരുമായി അമിത വേഗത്തിലും തെറ്റായ ദിശയിലും വന്ന ബസ് കൊടും വളവില്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇരിങ്ങാലക്കുടയില്‍ നിന്നും മാള ഭാഗത്തേക്ക് പോവുകയായിരുന്ന പൂജ ബസ് ആണ് അപകടം ഉണ്ടാക്കിയത്. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികനെ ഇരിങ്ങാലക്കുട കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ പ്രേവേശിപ്പിച്ചു. ഇതിനു തുടര്‍ച്ചയെന്നോണം 8 മണിയോടെ ഠാണാവില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്ന മറ്റൊരു പൂജ ബസ് ഇടിച്ചത്. മുന്നില്‍ പോയിരുന്ന ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ പിന്നില്‍ നിര്‍ത്തിയ ബൈക്കില്‍ ബസ്സ്് മനഃപൂര്‍വ്വം ഇടിക്കുകയായിരുന്നുവെന്നു ബൈക്ക് യാത്രികരും ദൃക്സാക്ഷികളും അഭിപ്രായപ്പെട്ടു . ഇരിങ്ങാലക്കുട എസ്. ഐ. സുശാന്ത് അപകട സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. രണ്ടു ബസ്സുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. തൃശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഓടുന്ന ഭൂരിഭാഗം ബസ്സുകളിലും സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തനയോഗ്യം അല്ലെന്നും ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് അധികാരികള്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഉണ്ടായിട്ടും ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നു. ഒരു മാസത്തിനിടെ ഈ റൂട്ടില്‍ ഉണ്ടാകുന്ന 8-)മത്തെ അപകടമാണ് ഇന്ന് ആദ്യം നടന്നത്. തുടര്‍ച്ചയായി ഇത്രയധികം അപകടങ്ങള്‍ ഉണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പ് അധികാരികള്‍ മൗനം പാലിക്കുന്നതില്‍ നാട്ടുകാര്‍ ക്ഷുഭിതരായി.

 

Advertisement