ഇരിങ്ങാലക്കുട നവകേരള സദസ്സ്; സംഘാടകസമിതി ഓഫീസ് തുറന്നു

212

നാടിന്റെ വികസനം, ജനങ്ങളുടെ ക്ഷേമം എന്നിവ സംബന്ധിച്ച വിശദാംശങ്ങളാണ് നവകേരള സദസ്സ് ചര്‍ച്ച ചെയ്യുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് സംഘാടകസമിതി ഓഫീസ് സിന്ധു കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍ പ്രിയ ഹാളില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ എക്സിക്യൂട്ടീവ് സമിതി യോഗത്തില്‍ മണ്ഡലതല പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. നവംബര്‍ 30ന് അയ്യങ്കാവ് മൈതാനിയില്‍ ഐക്യ കേരള ദീപ ജ്വാല സംഘടിപ്പിക്കും. നവംബര്‍ 28 ന് ഇരിങ്ങാലക്കുട മഹാത്മ പാര്‍ക്ക് മുതല്‍ മുനിസിപ്പല്‍ പാര്‍ക്ക് വരെ നവകേരള സദസിന്റെ പ്രചാരണാര്‍ഥം സായാഹ്ന നടത്തവും ഡിസംബര്‍ ഒന്നിന് പഞ്ചായത്ത്തല വിളംബര ജാഥകളും സംഘടിപ്പിക്കും.

ക്ലബ്ബുകള്‍, വായനശാലകള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ തുടങ്ങിയ പൊതുജന കൂട്ടായ്മകളുടെ പ്രത്യേക യോഗം വിളിക്കും. കുടുംബശ്രീ, ആശാവര്‍ക്കര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ആഭിമുഖ്യത്തില്‍ ഒപ്പന, മാര്‍ഗംകളി, തിരുവാതിരക്കളി തുടങ്ങിയവ മത്സരാടിസ്ഥാനത്തില്‍ നടത്തും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പ്രബന്ധരചന, പ്രസംഗ മത്സരം, വിദ്യാര്‍ഥികള്‍ക്കായി നവകേരളം എന്ന ആശയത്തില്‍ പ്രസംഗം, ലേഖനമെഴുത്ത്, പ്രശ്നോത്തരി, ചിത്രരചന മത്സരങ്ങളും സംഘടിപ്പിക്കും.

യുവജനപങ്കാളിത്തം നവകേരള സദസ്സിന് ഉറപ്പുവരുത്തും. നവമാധ്യമ രംഗം, സഹകരണ മേഖല, വ്യാപാരി വ്യവസായ സംഘടന എന്നിവയുലെ പ്രതിനിധികളുടെ യോഗം ചേരും. ഇതിന് പുറമെ ഫ്ളാഷ് മോബ്, കൂട്ടയോട്ടം, ബൈക്ക് റാലിയും സംഘടിപ്പിക്കും.

ആര്‍ ഡി ഒ എം കെ ഷാജി, മുന്‍ എംഎല്‍എ പ്രൊഫ. അരുണന്‍ മാഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാബാലന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ ചിറ്റിലപ്പള്ളി, ടി വി ലത, ലതാസഹദേവന്‍, സീമ പ്രേംരാജ്, കെ എസ് ധനീഷ്, കെ എസ് തമ്പി, റിസപ്ഷന്‍സ് സബ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വിജയ, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ കെ ശാന്തകുമാരി, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisement