ഇരിങ്ങാലക്കുടയുടെ സ്വന്തം ഇന്നസെന്റ്(75)യാത്രയായി

167

ഇരിങ്ങാലക്കുടയുടെ സ്വന്തം ഇന്നസെന്റ് യാത്രയായി.വിപിഎസ് ലേക്‍ഷോര്‍ ആശുപത്രി അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്‍ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മലയാള സിനിമയെ 5 ദശാബ്ദക്കാലത്തോളം അടക്കി വാണിരുന്ന ഇരിങ്ങാലക്കുടക്കാരന്‍ ഹാസ്യ സാമ്രാട്ട് ഇന്നസെന്റ് വിടവാങ്ങി.മലയാളക്കരയെ ഏറെ ദു:ഖത്തിലാഴ്ത്തിയാണ് അദ്ദേഹം വിടവാങ്ങുന്നത്.2013-ല്‍ തൊണ്ടയ്ക്ക് അര്‍ബുദ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇന്നസെന്റ് കീമോതെറാപ്പിക്ക് വിധേയനാവുകയും തുടര്‍ന്നു് സുഖം പ്രാപിക്കുകയുമുണ്ടായി.1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയില്‍ ജനിച്ച അദ്ദേഹം ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്.സ്‌കൂള്‍ എന്നിവിടങ്ങളിലായി പഠിച്ചു. എട്ടാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തി.പിന്നീട് മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു.സംവിധായകന്‍ മോഹന്‍ മുഖേനയാണ് സിനിമാ രംഗത്തു വരുന്നത്. 1972ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം.ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങി. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുന്‍പെ, ഓര്‍മ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയാണ് ഇന്നസെന്റ്. 2014 മേയില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടര്‍ പശുപതി, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഇന്നസെന്റിനായിരുന്നു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്.ഇന്നസെന്റിന്റെ ആത്മകഥ ചിരിക്കു പിന്നില്‍ എന്ന പേരില്‍ മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാന്‍ ഇന്നസെന്റ് (സ്മരണകള്‍), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം ഏറെ രോഗികള്‍ക്കും അല്ലാത്തവര്‍ക്കും ഏറെ പ്രചോദകമായിരുന്നു.

Advertisement