മാപ്രാണം: അച്ഛനില്ലാത്ത നിർദ്ധന കുടുംബത്തിലെ ഇരട്ടകുട്ടികളായ ശിവാനിക്കും,ശിവനന്ദയ്ക്കും ഇനി ഇരുട്ടിനെ പേടിക്കാതെ വർഷാന്ത്യ പരീക്ഷയ്ക്ക് തയ്യാറെടുക്കാം.കുഴിക്കാട്ടുകോണം വിമലമാത പള്ളിക്ക് സമീപത്തുള്ള കെങ്കയിൽ ബിജേഷിന്റെ ഭാര്യ സിജിമോളും,7ാം ക്ലാസ്സ് വിദ്യാർത്ഥിനികളായ ഇരട്ടകളായ മക്കളും പണി പൂർത്തിയാക്കാത്ത വീട്ടിലാണ് താമസിച്ചുവരുന്നത്.ബിജേഷ് വൃക്കരോഗം ബാധിച്ച് രണ്ടുവർഷം മുമ്പ് മരണപ്പെട്ടു.ഇതിനെ തുടർന്ന് വീടു പണി നിലച്ചു.വല്ലപ്പോഴും ലഭിക്കുന്ന വീട്ടു ജോലികൾ ചെയ്താണ് സിജിമോളും,മക്കളും കഴിഞ്ഞുകൂടുന്നത്.വീട് വൈദ്യുതീകരിക്കാത്തതിനാൽ ഇവർക്ക് വൈദ്യുതി കണക്ഷനും ലഭിച്ചിരുന്നില്ല.ഈ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടറിഞ്ഞ കെ.എസ്.ഇ.ബി.കരുവന്നൂർ സെക്ഷനിലെലൈൻമാരായ ടി.ബി.ഷിബു,മണിക്കുട്ടൻ എന്നിവർ വിവരം അറിയിച്ചതനുസരിച്ച് സബ് എഞ്ചിനീയർ എം.ഡി.ജോബിയും മറ്റുജീവനക്കാരും ചേർന്ന് വീട് സൗജന്യമായി വയറിങ്ങ് നടത്തി വൈദ്യുതി കണകഷൻ ലഭ്യമാക്കുകയായിരുന്നു.വൈദ്യുതീകരിച്ച വീട്ടിലെ സ്വിച്ച് ഓൺ കർമ്മം ഇരിങ്ങാലക്കുട ഡിവിഷൻ എക്സി.എഞ്ചിനീയർ ഷീജ ജോസ് നിർവ്വഹിച്ചു.അസി.എക്സി.എഞ്ചിനീയർ സാജു.എം.എസ്,അസി.എഞ്ചിനീയർ എ.വി.ജയന്തി,സബ് എഞ്ചിനീയർമാരായ കവിരാജ്.എസ്,ജോസ്.എ.ഡി,ജോബി.എം.ഡി,വാർഡ് കൗൺസിലർ സരിത സുഭാഷ് എന്നിവരും ചടങ്ങിന് സാക്ഷികളായി.
സിജിമോളുടെ വീട്ടിൽ പ്രത്യാശയുടെ വെളിച്ചമെത്തിച്ച് കെ.എസ്.ഇ.ബി ജീവനക്കാർ
Advertisement