ബജറ്റിൽ തിളങ്ങി ഇരിങ്ങാലക്കുട; സമഗ്ര വളർച്ചയ്ക്ക് കുതിപ്പേകും: മന്ത്രി ഡോ. ആർ ബിന്ദു

27

ഇരിങ്ങാലക്കുട: തിളക്കമാർന്ന ബജറ്റാണ് ഇരിങ്ങാലക്കുടയ്ക്ക് എൽഡിഎഫ് സർക്കാർ രണ്ടാംകുറിയും സമ്മാനിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഏതാണ്ട് 650 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിനായും ശുപാർശ ചെയ്‌തിരിക്കുന്നത്‌. കാർഷികമേഖലക്കും പശ്ചാത്തലസൗകര്യത്തിനും ഗതാഗതമേഖലയ്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജലസേചന സൗകര്യങ്ങൾക്കും സാംസ്‌കാരികരംഗത്തിനും സമതുലിതമായ ഊന്നൽ നൽകുന്ന മാതൃകാ ബജറ്റാണ് ഇരിങ്ങാലക്കുടക്ക് ഇതെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.മുഖ്യമായും കാർഷികമേഖലയായ മണ്ഡലത്തിന്റെ കാർഷികവളർച്ചയ്ക്ക് കുതിപ്പേകുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ നടത്തിയിരിക്കുന്നത്. കോന്തിപുലം പാടത്ത് സ്ഥിരം തടയണ കർഷകരുടെ ദീർഘകാലാവശ്യമാണ്. ബജറ്റിൽ അതിനായി 12.21 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പടിയൂർ പൂമംഗലം കോൾ വികസനത്തിന് മൂന്നുകോടി നീക്കിവെച്ചു. മണ്ഡലത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സിന് ഇരുപതു കോടി രൂപ അനുവദിച്ചതും ഈ ദിശയിലുള്ള വലിയ കാൽവെപ്പാണ്. മണ്ഡലത്തിന്റെ സമഗ്ര കാർഷികവികസനം മുൻനിർത്തി നടപ്പാക്കുന്ന ‘പച്ചക്കുട’ പദ്ധതിക്ക് വലിയ പ്രോത്സാഹനമാകും ബജറ്റിലെ കാർഷികനിർദേശങ്ങളെന്നും മന്ത്രി പറഞ്ഞു. ‘പച്ചക്കുട’ പദ്ധതിയ്ക്ക് ഒരു കോടി നീക്കിവെക്കാനും ബജറ്റിൽ ശുപാർശയുണ്ട്. ഭിന്നശേഷി പുനരധിവാസരംഗത്തെ കേരളത്തിലെ അഭിമാനസ്ഥാപനമായ ‘നിപ്മറി’ന് പന്ത്രണ്ടു കോടി രൂപയുണ്ട് ബജറ്റിൽ. ഉണ്ണായി വാരിയർ കലാനിലയത്തിന് അരക്കോടി രൂപ നീക്കിവെച്ചത് ഇരിങ്ങാലക്കുടയുടെ സാംസ്കാരികവളർച്ചക്കാകെ ഊർജ്ജം പകരും. ഇരിങ്ങാലക്കുട നാടകക്കളരി തിയറ്റര്‍ സമുച്ചയത്തിനു പത്തു കോടി നീക്കിവെക്കാനും ബജറ്റ് ശുപാർശ ചെയ്യുന്നു. കൊമ്പിടിഞ്ഞാമാക്കല്‍ ജംഗ്ഷന്‍ വികസനം (50 കോടി), ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് ചുറ്റുമതില്‍ (അഞ്ചു കോടി), കിഴുത്താണി ജംഗ്ഷന്‍ നവീകരണം മനപ്പടി വരെ കാനകെട്ടല്‍ (ഒരു കോടി), കാട്ടൂര്‍ കമ്മ്യൂണിറ്റി ഹെൽത് സെന്ററിന് പുതിയ കെട്ടിടം (രണ്ടു കോടി), നന്തി ടൂറിസം പദ്ധതി (പത്തു കോടി), അവുണ്ടര്‍ചാല്‍ പാലം (24 കോടി), കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡ് (85.35 കോടി), വെള്ളാനി പുളിയംപാടം സമഗ്ര പുനരുദ്ധാരണ പദ്ധതി (3.25 കോടി), കെ എൽ ഡി സി കനാല്‍- ഷണ്‍മുഖം കനാല്‍ സംയോജനം (ഇരുപത് കോടി), ഇരിങ്ങാലക്കുട ബൈപാസ് റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റ് നിര്‍മ്മാണം (അമ്പത് കോടി), ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഇഎം ആർ ഐ – സി ടി സ്‌കാൻ ഉള്‍പ്പെടെ സ്കാനിംഗ് യൂണിറ്റ് (പതിനഞ്ചു കോടി), ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിട സമുച്ചയം (പത്തു കോടി), ഇരിങ്ങാലക്കുട-മൂരിയാട്-വേളൂക്കര കുടിവെള്ള പദ്ധതി (72 കോടി), ജുഡീഷ്യല്‍ കോര്‍ട്ട് കോംപ്ലക്സ് രണ്ടാം ഘട്ട നിര്‍മ്മാണം (67 കോടി), ആളൂര്‍ ഗ്രാമപ‍ഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി (അമ്പതു കോടി), ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന്‍ നവീകര-ഭിന്നശേഷി സൗഹൃദമാക്കൽ-ലിഫ്റ്റ് നിര്‍മ്മാണ പ്രവൃത്തികൾ (രണ്ടു കോടി), ആളൂര്‍ ഗവ.കോളേജ് (25 കോടി), കാറളം ആലുക്കകടവ് പാലം (16കോടി), പടിയൂര്‍-പൊരിഞ്ഞനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം പാലം നിര്‍മ്മാണം (ആറു കോടി), ഇരിങ്ങാലക്കുട നഗരസഭ പൂമംഗലം പഞ്ചായത്ത് വേളൂക്കര പഞ്ചായത്ത് എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്ന കുളത്തുംപടിപാലം (രണ്ടര കോടി), കനോലി കനാല്‍ വീതിയും ആഴവും കൂട്ടല്‍ (50 കോടി), കെട്ടുചിറ സ്ലൂയിസ് കം ബ്രിഡ്ജ് നിര്‍മ്മാണം (15 കോടി) എന്നിവ ബജറ്റിൽ ഇടം നേടിയതും സന്തോഷകരമാണ് – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Advertisement