ഠാണ ചന്തക്കുന്ന് റോഡ് വികസനം പുനരധിവാസ ഹിയറിംഗ് പൂർത്തിയായി: മന്ത്രി ഡോ. ആർ ബിന്ദു

40

ഇരിങ്ങാലക്കുടയിലെ ഠാണ ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന പുനരധിവാസ പാക്കേജിന്റെ ഹിയറിംഗ് നടപടികൾ പൂർത്തിയായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു.പാർക്ക് റോഡ് ലയൺസ് ക്ലബ് ഹാളിൽ നടന്ന ഹിയറിംഗിൽ നേരിട്ടെത്തി മന്ത്രി ബിന്ദു സ്ഥിഗതികൾ വിലയിരുത്തി. ഹിയറിംഗിൽ പ്രദേശത്തെ ഭൂരിപക്ഷം ആളുകളും പങ്കെടുത്തു.പദ്ധതിപ്രദേശത്ത് വീടും സ്ഥലവും സ്ഥാപനങ്ങളും ജീവനോപാധിയും പൂർണ്ണമായും നഷ്ടപ്പെടുന്നവർക്ക് പുനരധിവാസം ഉറപ്പാക്കാനായി നടത്തിയ ഹിയറിംഗ് വിജയകരമായിരുന്നുവെന്ന് മന്ത്രി ഡോ.ബിന്ദു പറഞ്ഞു.പദ്ധതിയുടെ അഡ്മിനിസ്ട്രേറ്ററായ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഹിയറിംഗ് നടപടികൾ പൂർത്തീകരിച്ചത്. ഹിയറിങ്ങിന്റെ അടിസ്ഥാനത്തിൽ പുനരധിവാസ പാക്കേജ് തയ്യാറാക്കി ലാൻഡ് റവന്യു കമ്മിഷണർക്ക് സമർപ്പിക്കും.തുടർന്ന് ലാൻഡ് റവന്യു കമ്മിഷണർ അംഗീകരിച്ച പാക്കേജ് ആയിരിക്കും ഗുണഭോക്താക്കൾക്ക് ലഭ്യമാകുക. അതിനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കും.മുഴുവൻ ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നും നാടിന്റെ വികസനത്തിനായി മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും എത്രയും വേഗം നടപടികൾ പൂർത്തിയാക്കി നാടിന്റെ ചിരകാലാഭിലാഷം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി ഡോ ആർ. ബിന്ദു വ്യക്തമാക്കി.

Advertisement