ക്രൈസ്റ്റ് കോളജിൽ ആർട്സ് കേരള കലാമേള അരങ്ങേറി

28

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച ആർട്സ് കേരള ഡാൻസ് ഫെസ്റ്റ് വർണ്ണാഭമായി കൊടിയിറങ്ങി. സംസ്ഥാന തലത്തിൽ ഓട്ടോണമസ് കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ആർട്സ് കേരള കലാമേള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ഉച്ഛ- നീചത്വങ്ങളെ തുടച്ചുനീക്കി ഏകതാ ബോധത്തിലേക്ക് നയിക്കുവാൻ കലയ്ക്ക് ശക്തിയുണ്ടെന്ന് മന്ത്രി തൻറെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ കലാലയങ്ങളുടെ സർഗ്ഗശേഷി സംഘമിച്ചിരുന്ന ആർട്സ് കേരള കലാമേള വർഷങ്ങൾക്കപ്പുറം ക്രൈസ്റ്റ് കോളേജിൽ പുനർജനിക്കുമ്പോൾ മഹിതമായ ഒരു കലാ പാരമ്പര്യത്തിന് നേർസാക്ഷ്യം ആവുകയാണ് എന്ന് ഉദ്ഘാടക വ്യക്തമാക്കി. ഇരിങ്ങാലക്കുടയുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിക്ക് ആക്കം കൂട്ടിയ വ്യക്തിത്വങ്ങളാണ് കെ പി ജോൺ, വി. രാമകൃഷ്ണൻ എന്നിവർ എന്ന് മന്ത്രി അനുസ്മരിച്ചു.യൂണിവേഴ്സിറ്റി തലത്തിലുള്ള ഇൻറർ-സോൺ മത്സരങ്ങൾ വരുന്നതിന് മുൻപ് 1970-കളിൽ സംസ്ഥാനതലത്തിൽ കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ചിരുന്ന കലാമേളയാണ് ആർട്സ് കേരള. മികച്ച സംഘാടനം കൊണ്ടും കഴിവുറ്റ കലാപ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്ന ആർട്സ് കേരള കലാമേളയിൽ സമ്മാനം നൽകുന്നതിനായി വന്നിരുന്നത് അന്നത്തെ പ്രശസ്ത സിനിമ താരങ്ങളായിരുന്നു. പിന്നീട് കാലക്രമേണ നിലച്ചുപോയ ഈ കലാ മേളയാണ് ആർട്സ് കേരള എന്നപേരിൽ ക്രൈസ്റ്റ് കോളേജിൽ പുനർജനിച്ചത്.വർണ്ണാഭമായി പര്യവസാനിച്ച ആർട്സ് കേരള ഡാൻസ് ഫെസ്റ്റിൽ ഒന്നാം സമ്മാനം നേടിയത് കോഴിക്കോട് ഫാറൂഖ് കോളേജാണ്. തേവര സെക്രഡ് ഹാർട്ട് കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മികച്ച ചമയത്തിനുള്ള ‘ രാമേട്ടൻസ് ബെസ്റ്റ് മേക്കപ്പ്’ അവാർഡ് നേടിയത് കൊല്ലം ഫാത്തിമ മാതാ കോളേജാണ്. ഒന്നാം സമ്മാനമായി കെ പി ജോൺ മെമ്മോറിയൽ ട്രോഫിയും മുപ്പതിനായിരം രൂപ ക്യാഷ് അവാർഡും നൽകി. രണ്ടാം സമ്മാനമായി 20,000 രൂപ ക്യാഷ് അവാർഡും ശിൽപവും, മൂന്നാം സമ്മാനമായി 10,000 രൂപ ക്യാഷ് അവാർഡും ശിൽപവും നൽകി. പ്രശസ്ത മോഹിനിയാട്ടം നർത്തകിയായ അനുപമ മേനോൻ വിജയികൾക്ക് സമ്മാനം നൽകി.

Advertisement