കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നില ഉദ്ഘാടനം ചെയ്തു

88

കാറളം:പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നില ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് അഭിമാനകരമായ നേട്ടമാണ് കേരളം കൈവരിച്ചത്. മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ അത്യാധുനിക സജ്ജീകരണങ്ങളുമായി നൂതന ചികിത്സ ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. കോവിഡ്‌ പോലുള്ള മഹാമാരികളെ നേരിടാനായതും ആരോഗ്യ രംഗത്തെ ഈ നേട്ടം കൊണ്ടാണ്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള സജ്ജീകരണങ്ങൾ സംസ്ഥാനത്ത് ഒരുക്കാനാണ് സർക്കാർ പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുൻ എംഎൽഎ കെയു അരുണന്റെ 2019-2020 വർഷത്തെ ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രംരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എംഎൽഎ കെയു അരുണൻ മാസ്റ്റർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് എന്നിവർ മുഖ്യാതിഥികളായി.

Advertisement