അവിട്ടത്തൂർ: മനുഷ്യ ജീവിതത്തിലെ സർഗ്ഗാത്മ കാലഘട്ടത്തെ മയക്കി കിടത്തി ചിന്താശേഷി ഇല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങളെ മാനവികതയുടെ പരിചകൊണ്ട് പ്രതിരോധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു കേരള സർക്കാറിൻ്റെ ലഹരി വിരുദ്ധ പ്രചരണ പരിപാടിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവിട്ടത്തൂർ ഗ്രാമകുട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന “ലഹരി വിമുക്ത അവിട്ടത്തൂർ ഗ്രാമം” സന്നേശ പദയാത്ര ഉണർവ്വ് 2022 ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു.ജാതി മത ചിന്തകളുടെ കുടുസായ കളങ്ങളിൽ നിന്ന് സ്വതന്ത്രമാകുവാൻ ഗ്രാമങ്ങൾ തോറും സ്നേഹകൂട്ടായ്മകൾ രൂപപ്പെടണമെന്ന് അവർ കൂട്ടിചേർത്തു.ആളൂർ പോലീസ് എസ്.ഐ. സുബിന്ദ് ലഹരി വിരുദ്ധ സന്നേശം നൽകി.വിവിധ രംഗങ്ങളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിച്ചവരെയും കോവിഡ് പോരാളികളായി പ്രവർത്തിച്ച ആർ.ആർ.ടി. പ്രവർത്തകരെയും പ്രസ്തുത പരിപാടിയിൽ ആദരിച്ചു.ഗ്രാമത്തിലെ ഗായകരുടെ കൂട്ടായ്മയായ “സ്ട്രിങ്സ് അവിട്ടത്തൂർ” ന്റെ ഔദ്യോഗിക ഉദ്ഘാടനവും അവതരണവും നടത്തപ്പെട്ടു.വേളൂക്കര ഗ്രാമപഞ്ചായത്ത് കെ.എസ്. ധനീഷ് അദ്ധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ. ചിറ്റിലപ്പിളളി മുഖ്യാതിഥിയായിരുന്നു. ഫാ. ഡേവീസ് അമ്പുക്കൻ, ഡോ. മുരളി ഹരിതം, വാർഡ് മെമ്പർമാരായ ലീന ഉണ്ണികൃഷ്ണൻ, ശ്യാംരാജ്, ജോളി ഇടപ്പിള്ളി, പാട്രിക് തൊമ്മാന എന്നിവർ സംസാരിച്ചു.