ഇരിങ്ങാലക്കുട :മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കളിസ്ഥലത്തിനോട് ചേര്‍ന്ന് വടക്കുകിഴക്കേ അറ്റത്തുള്ള 40 സെന്റ് സ്ഥലത്താണ് 50 ലക്ഷം ചിലവഴിച്ച് 2400 സ്‌ക്വയര്‍ ഫീറ്റില്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. മിനി ഹാള്‍, ഓഫീസ്, ഗസ്റ്റ് റൂം, ടോയ്ലറ്റ് എന്നി സൗകര്യങ്ങളോടെ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ഇലക്ട്രിക്കല്‍, ടൈലിങ്ങ്, പ്ലംബിങ്ങ് പ്രവര്‍ത്തികളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. കെട്ടിടത്തിന്റെ മുകളില്‍ ഹാള്‍ നിര്‍മ്മിക്കുന്നതിനായി എം.എല്‍.എ.യ്ക്ക് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് ഭാരവാഹികള്‍ പറഞ്ഞു.1992 ലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന് 40 സെന്റ് സ്ഥലത്ത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ജില്ലാ ആസ്ഥാന മന്ദിരം നിര്‍മ്മാണത്തിനായി അനുവദിച്ചത്. 2017 ല്‍ ഓഫീസ് റൂമും സ്റ്റോറുമും ഹാളും അടക്കമുള്ള കെട്ടിട നിര്‍മ്മാണത്തിനായി 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു. രണ്ടുനിലകളിലായിട്ടാണ് കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പലവിധ കാരണങ്ങള്‍കൊണ്ട് നിര്‍മ്മാണപ്രവര്‍ത്തികള്‍ നീണ്ടുപോയതിനെ തുടര്‍ന്ന് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് അസോസിയേഷന്‍ ഡി.പി.ഐ., പൊതുവിദ്യാഭ്യാസവകുപ്പ്, ജില്ലാ കളക്ടര്‍ എന്നിവരെ സമീപിക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍.ഡി.ഒ. ഹിയറിങ്ങ് നടത്തി കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കി. അന്നത്തെ സ്‌കൂള്‍ അധികാരികള്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന് പടിഞ്ഞാറുഭാഗത്ത് കെട്ടിടം നിര്‍മ്മിച്ചാല്‍ അത് ഗ്രൗണ്ട് വികസനത്തിന് തടസമാകുമെന്നും കെട്ടിടം മാറ്റി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പി.ടി.എ.യുടേയും പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയും രംഗത്തെത്തി. അത് അംഗീകരിക്കാതെ നഗരസഭ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുകയും നിലമൊരുക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിക്കുകയും ചെയ്തതോടെ ഇരുസംഘടനകളും ഹൈക്കോടതിയെ സമീപിച്ചു. 2020 ഒക്ടോബറില്‍ കെട്ടിട നിര്‍മ്മാണം ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. കളിസ്ഥലം നഷ്ടപ്പെടുത്താതെ സ്റ്റേഡിയം നിര്‍മ്മാണത്തിന് തടസമാകാത്ത രീതിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് പി.ടി.എ.യുടെ സഹകരണത്തോടെ പുതിയ സ്ഥലം കണ്ടെത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കെട്ടിടം നിര്‍മ്മിച്ച സ്ഥലം കണ്ടെത്തി ഫണ്ട് റിവൈസ് ചെയ്ത് നിര്‍മ്മാണം ആരംഭിച്ചത്.ഞവരിക്കുളം വഴി റോഡ് നിര്‍മ്മിക്കണം കെട്ടിടത്തിലേക്ക് ഞവരിക്കുളം ഭാഗത്തുകൂടി പ്രവേശിക്കാവുന്ന രീതിയില്‍ പുതിയ റോഡ് നിര്‍മ്മിക്കാമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ ഞവരിക്കുളം വരെയുള്ള ഭാഗം റോഡിനായി ശരിയാക്കിയിട്ടുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ ഞവരിക്കുളത്തിന്റെ തെക്കുഭാഗത്ത് റോഡ് ശരിയാക്കാനായിട്ടില്ല. ഇതിലൂടെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ മാത്രമെ കെട്ടിടത്തിന് വഴിയുണ്ടാകു. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.