ആനന്ദിൻന്റെയും, കൊനേരു ഹംപിയുടേയും, പ്രജ്ഞാനന്ദയുടേയും പിൻഗാമിയെ തേടി മങ്ങാടിക്കുന്നിൽ ആവേശകരമായ ‘പടയോട്ടം’

28

ഇരിങ്ങാലക്കുട : പ്രളയത്തിനും, കോവിഡിനും ശേഷം നീണ്ട വർഷങ്ങൾക്കൊടുവിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ മുഴുവൻ ജനങ്ങളേയും ഒരുമിപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎ യുമായ ഡോ.ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാ-കായിക- കായിക സാഹിത്യമഹോത്സവമായ ‘വർണ്ണക്കുട’ യുടെ രണ്ടാമത്തെ അനുബന്ധ പരിപാടിയായ ചെസ് ടൂർണ്ണമെൻ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മഹാത്മാ ബ്ളോക്കിൽ സംഘടിപ്പിച്ച ചെസ് ടൂർണമെൻ്റിൽ അഞ്ഞൂറിലധികം മത്സരാർത്ഥികളാണ് ബുദ്ധിപരമായ കരുനീക്കങ്ങളുമായി വാശിയേറിയ പോരാട്ടം കാഴ്ചവെക്കാനെത്തിയത്. റാപിഡ് ചെസിൻ്റെ ഈ കാലത്ത് സ്വാഭാവികമായ രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത് ചെസ് പ്രേമികൾക്ക് വളരെ മികച്ച പ്രകടനം കാണാൻ അവസരമൊരുക്കി.ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടനം ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ ഫാ.ജോളി ആൻഡ്രൂസ് നിർവ്വഹിച്ചു.ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെള്ളാങ്കല്ലൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ആശംസകളർപ്പിച്ച് സംസാരിച്ചു. ചെസ് ഒളിമ്പ്യൻ അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. മൂവീഷ് മുരളി സ്വാഗതവും പി.ടി കിഷോർ നന്ദിയും പറഞ്ഞു.സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ടീച്ചറും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പ്രസിഡൻ്റുമാരും മത്സരവേദി സന്ദർശിക്കുകയും മത്സരാർത്ഥികൾക്ക് വിജയാശംസകൾ നേരുകയും ചെയ്തു.സെപ്റ്റംബർ 2 മുതൽ 6 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്താണ് ‘വർണ്ണക്കുട’ യുടെ പ്രധാന പരിപാടികൾ അരങ്ങേറുക.

Advertisement