ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിന്റെ ഒരു വർഷത്തെ വികസനചരിത്രവുമായി ‘ദർപ്പണം’ പുറത്തിറങ്ങി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു സ്വന്തം നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് ‘ദർപ്പണം’ പ്രിന്റ് എഡിഷനും നവമാധ്യമ എഡിഷനും വെവ്വേറെ പ്രസിദ്ധീകരിച്ചത്. ഇരിങ്ങാലക്കുട നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നടപ്പാക്കുന്ന ഠാണ-ചന്തക്കുന്ന് റോഡ് വികസനത്തിൽ മന്ത്രി ഡോ. ആർ ബിന്ദുവിന്റെ ഇടപെടൽ തൊട്ട്, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, ഭരണനിർവഹണം, നീതിന്യായം, നിയമപാലനം, ഗതാഗതം, വൈദ്യുതി, കുടിവെള്ളം, വിനോദസഞ്ചാരം, സാംസ്‌കാരികവികസനം തുടങ്ങിയ വിവിധ മേഖലകളിൽ തുടക്കമിട്ടതും നടപ്പാക്കിയതുമായ പദ്ധതികൾ വിവരിക്കുന്നതാണ് ‘ദർപ്പണം’ പത്രിക. ഇതോടൊപ്പം, സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിനായി പ്രഖ്യാപിച്ച പദ്ധതികളും, കോവിഡ് കാലത്ത് നടത്തിയ വിവിധ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. https://online.fliphtml5.com/wuvmw/mlll/ എന്ന വെബ് വിലാസത്തിൽ നവമാധ്യമ എഡിഷൻ ലഭ്യമാണ്. ലിങ്കിൽ പ്രവേശിച്ചാൽ പുസ്തകംപോലെ ഏടുകൾ മറിച്ച് വായിക്കാവുന്ന വിധത്തിലാണിത് ഒരുക്കിയിരിക്കുന്നത്. ജനപ്രതിനിധികൾ ജനങ്ങൾക്കായി നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾ പൊതുശ്രദ്ധയിൽ കൊണ്ടുവരികകൂടി ചെയ്യുന്നതിൽ ‘ദർപ്പണം’ മാതൃക കാണിച്ചിരിക്കുകയാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ് ‘ദർപ്പണം’ അച്ചടി എഡിഷൻ പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞു. ‘ദർപ്പണം’ നവമാധ്യമ എഡിഷൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ സുധീഷ് പ്രകാശനം ചെയ്തു. എൽഡിഎഫ് നേതാക്കളുടെയും പ്രവർത്തകരുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് നടപ്പായ വികസനപ്രവർത്തനങ്ങളെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇതേ പ്രവർത്തനം നാം മുന്നോട്ടുകൊണ്ടുപോകും. വികസനപ്രവർത്തനങ്ങളിൽ സ്ത്രീകളുടെയും വീട്ടമ്മമാരുടെയും പങ്ക് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി പി മണി പ്രകാശനച്ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, എൽഡിഎഫ് നേതാക്കളായ ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ ആർ വിജയ, കെ സി പ്രേമരാജൻ, ടി കെ വർഗ്ഗീസ്, ബിജു ആൻ്റണി, എം ബി ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് – ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ഇരിങ്ങാലക്കുടയുടെ ഒരു വർഷ വികസനചരിത്രവുമായി ‘ദർപ്പണം’ എഡിഷനുകൾ പുറത്തിറങ്ങി
Advertisement