കത്തീഡ്രലില്‍ ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയര്‍പ്പണം അക്ഷരാര്‍ഥത്തില്‍ വിശ്വാസ പ്രഖ്യാപനത്തിന്റെ വേദിയായി

40

ഇരിങ്ങാലക്കുട : ക്രൈസ്തവ വിശ്വാസം ഏതു പ്രതിസന്ധിയിലും മുറുകെപ്പിടിക്കുമെന്നും സര്‍വമനുഷ്യര്‍ക്കും സ്‌നേഹവും കാരുണ്യവും വഴി ക്രിസ്തുസന്ദേശം പകര്‍ന്നു നല്‍കുമെന്നും ഭാരത അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ച മൈലാപ്പൂരിലെ പവിത്രഭൂമിയില്‍ ഇരിങ്ങാലക്കുട രൂപതയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിന്റെ പ്രതിജ്ഞ. കേരളതീരത്ത് കപ്പലിറങ്ങി ഇവിടെയും തമിഴ്‌നാട്ടിലും ക്രിസ്തുസന്ദേശം എത്തിച്ച തോമാശ്ലീഹായുടെ കബറിടം സ്ഥിതി ചെയ്യുന്ന മൈലാപ്പൂര്‍ സാന്തോം കത്തീഡ്രലില്‍ ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയര്‍പ്പണം അക്ഷരാര്‍ഥത്തില്‍ വിശ്വാസ പ്രഖ്യാപനത്തിന്റെ വേദിയായി. ഏഡി 52 ല്‍ കേരളത്തില്‍ എത്തിയ സെന്റ് തോമസ് 20 വര്‍ഷം ഇവിടെ സുവിശേഷ പ്രചാരണം നടത്തിയശേഷം തമിഴ്‌നാട്ടിലേക്ക് പോയെന്നും ചെന്നൈ നഗരത്തിന്റെ തെക്കുപടിഞ്ഞാറ് കേന്ദ്രീകരിച്ചു പ്രവര്‍ത്തനം തുടര്‍ന്നുവെന്നുമാണ് ചരിത്രം. അവിടെവച്ച് ഏഡി 72 ല്‍ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ 19-ാം ശതോത്തര സുവര്‍ണ ജൂബിലി കേരള കത്തോലിക്കാ സഭയില്‍ നടന്നുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു 52 പേരടങ്ങിയ സംഘത്തിന്റെ കൊടുങ്ങല്ലൂര്‍-മൈലാപ്പൂര്‍ മാര്‍തോമ കബറിട തീര്‍ത്ഥാടനം.’കേരളസഭ’ പത്രത്തിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ മാര്‍ഗം ചെന്നൈയിലെത്തിയ സംഘം മാര്‍ പോളി കണ്ണൂക്കാടന്‍, വികാരി ജനറല്‍ മോണ്‍. ജോയ് പാലിയേക്കര എന്നിവരോടൊപ്പം മാര്‍തോമായുടെ രക്തസാക്ഷിത്വവേദിയായ ചിന്നമല, പെരിയമല, കബറടക്കിയ മൈലാപ്പൂര്‍ എന്നീ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഹൊസൂര്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലും അല്‍മായ പ്രതിനിധികളും തീര്‍ത്ഥാടകരെ സ്വീകരിച്ചു.ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും അല്‍മായ പ്രതിനിധികളുമാണ് പങ്കെടുത്തത്. സെന്റ് തോമസിന്റെ രക്തം വീണു കുതിര്‍ന്ന പവിത്ര ഭൂമിയില്‍ നിന്നുള്ള മണ്ണുമായാണ് സംഘം മടങ്ങിയത്. കേരളസഭ മാനേജിങ് എഡിറ്റര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, ചീഫ് എഡിറ്റര്‍ ജോസ് തളിയത്ത്, ഫാ. ടിന്റോ കൊടിയന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement