ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ക്ലബ് ഫൂട്ട് ക്ലിനിക് പ്രവർത്തനമാരംഭിച്ചു

70

ഇരിങ്ങാലക്കുട : കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഒരു പാദമോ ഇരു പാദങ്ങളോ കാൽകുഴിയിൽ നിന്നും അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ് ഫൂട്ട്. കുട്ടി ജനിച്ച് ആദ്യ ദിവസങ്ങൾക്കുള്ളിൽ തന്നെ ചികിത്സ ആരംഭിക്കുകയും അഞ്ചു വയസ്സ് ആകുമ്പോഴേക്കും കൃത്യമായ ചികിത്സയിലൂടെ കുട്ടിയുടെ പാദങ്ങൾ പൂർണ്ണമായി നിവർന്നു സാധാരണ നിലയിൽ എത്തിക്കുകയും ചെയ്യുന്നതാണ് ചികിത്സ. ലോക ക്ലബ് ഫൂട്ട് ദിനം കൂടിയായ ജൂൺ 3ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ക്ലബ് ഫുട്ട് ക്ലിനിക് പ്രവർത്തനമാരംഭിച്ചു. വാർഡ് കൗൺസിലർ പി ടി ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അംബിക പള്ളിപ്പുറത്ത് ക്ലിനിക് ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോൾ, ഓർത്തോ വിഭാഗത്തിലെ ഡോ. ആശിഷ്, നഴ്സിംഗ് സൂപ്രണ്ട് ഉഷകുമാരി എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്.സി നന്ദി പറഞ്ഞു. പി. ആർ. ഒ ഫെബിൻ ജോസഫ് സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Advertisement