Home NEWS അമ്മ പകുത്തു നൽകിയ ജീവനുമായി ഡോക്ടറുടെ കൈപിടിച്ച് ഷാരോൺ സ്കൂളിലെത്തി

അമ്മ പകുത്തു നൽകിയ ജീവനുമായി ഡോക്ടറുടെ കൈപിടിച്ച് ഷാരോൺ സ്കൂളിലെത്തി

ഇരിങ്ങാലക്കുട: ജൂൺ 01, 2022: മൂന്ന് വർഷം മുൻപ് അമ്മ പകുത്തു നൽകിയ വൃക്കയുമായി ഷാരോൺ ഡോക്ടറുടെയും കുഞ്ഞനുജത്തി സനയുടെയും കൈപിടിച്ച് സ്കൂളിന്റെ കല്പടവുകൾ കയറി.ഷാരോണിന്റെ കുഞ്ഞുമുഖത്ത് പുഞ്ചിരിയും പ്രതീക്ഷയും വിടർന്നപ്പോൾ മനസ്സുനിറഞ്ഞത്സ്കൂളിൽ തടിച്ചുകൂടിയ നാട്ടുകാർക്കും അവനെ പരിചരിച്ച ഡോക്ടർമാർക്കും.രാവിലെ തന്നെ ഷാരോണിന് നൽകാനുള്ള ബാഗും, കുടയും, പഠനോപകരണങ്ങളുമായി കൊച്ചി ആസ്റ്റർ മെഡ് സിറ്റിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർ അജയ് ജോർജ്ജ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘം ഷാരോണിന്റെ വീട്ടിലെത്തി. തുടർന്ന് പത്തുമണിയോടെ ഡോക്ടറുടെയും അനുജത്തി സനയുടെയും കൈപിടിച്ച് ഷാരോൺ സ്‌കൂളിലേക്ക്. കൊറ്റനെല്ലൂർ കുതിരത്തടം സ്വദേശി കൂവ്വയിൽ വീട്ടിൽ ഷാന്റോ–റിനു ദമ്പതികളുടെ മകനാണ് ഷാരോൺ. ഒന്നര വയസ്സിലാണ് ഷാരോണിന് വൃക്ക സംബന്ധമായ രോഗം പിടിപ്പെട്ടത്. പിന്നീട് ഇരുവൃക്കകളും പ്രവർത്തനരഹിതമായതോടെ വീട്ടിൽ തന്നെ ഡയാലിസിസ് ആരംഭിച്ചു.3 വർഷം മുൻപ് വെളയനാട് സെന്റ് മേരീസ് സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർത്തെങ്കിലും കോവിഡ് മൂലം അധിക നാൾ സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. ഇതിനിടെ രോഗം ഗുരുതരമായി. വൃക്ക മാറ്റി വയ്ക്കൽ മാത്രമായിരുന്നു പോംവഴി. പരിശോധനയിൽ അമ്മ റിനുവിന്റെ വൃക്ക ഷാരോണിന് യോജിച്ചതാണെന്ന് കണ്ടെത്തി. 2019ൽ കൊച്ചി ആസ്റ്റർ മെഡ് സിറ്റിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. കുതിരത്തടം പള്ളിയുടെയും, നാട്ടുകാരുടെയും മറ്റും സഹായത്തോടെയാണ് ശസ്ത്രക്രിയ്ക്കുള്ള പണം കണ്ടെത്തിയത്.കോവിഡ് ഭീതിയിൽ അണുബാധയേൽക്കാതെ കാക്കുക എന്നതായിരുന്നു മാതാപിതാക്കളുടെയും ആശുപത്രി അധികൃതരുടെയും മുൻപിലുള്ള പ്രാധാന വെല്ലുവിളി. കഴിഞ്ഞ 2 വർഷവും വീട്ടിലിരുന്നായിരുന്നു പഠനം.ആരോഗ്യവനായി സ്കൂളിൽ തിരിച്ചെത്തിയ ഷാരോണിനെ സ്വീകരിക്കാൻ നാടൊരുമിച്ചത് നന്മയുടെ നേർസാക്ഷ്യമായി.

Exit mobile version