ഇരിങ്ങാലക്കുട: വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഇടയിൽ സംരംഭകത്വത്തോട് ആഭിമുഖ്യം വളർത്തിയെടുത്താലേ സംസ്ഥാനത്തിന് പുരോഗതിയുണ്ടാവുകയുള്ളൂ എന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ചെറുകിട പാദരക്ഷ നിർമാണ യൂണിറ്റിന്റെയും വിപണന സംരംഭത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായോഗിക പരിശീലനത്തിലൂന്നിയ ജ്ഞാന സമ്പാദനമേ നിലനിൽക്കുകയുള്ളൂ. എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിലൂടെ നേടിയ സാങ്കേതിക ജ്ഞാനമുപയോഗിച്ച് ഈ സംരംഭത്തിന് ആവശ്യമായ യന്ത്ര ഭാഗങ്ങൾ രൂപകൽപ്പന ചെയ്ത വിദ്യാർഥികൾ ഏവർക്കും മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ച ടെക് ഫെസ്റ്റ് ‘ടെക്‌ലെറ്റിക്സ് 22’ ൻ്റെ ഭാഗമായാണ് വിദ്യാർത്ഥികളുടെ കൂടി പങ്കാളിത്ത ത്തോടെ ഇമ്പ്രിൻറ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചെറുകിട വ്യവസായ യൂണിറ്റിന് തുടക്കമിട്ടിരിക്കുന്നത്.മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷത്തിന്റെ സന്ദേശം വിദ്യാർഥികളിയിലേക്ക് എത്തിക്കാൻ ഇമ്പ്രിന്റ്‌സിലൂടെ കഴിയുമെന്ന് ആമുഖ പ്രഭാഷണം നടത്തിയ എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര അഭിപ്രായപ്പെട്ടു.സർവകലാശാലാ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും ചെറുകിട സംരംഭം രൂപകൽപ്പന ചെയ്യുന്നതിൽ നേതൃത്വം വഹിച്ച വിദ്യാർത്ഥികളെയും മേൽനോട്ടം വഹിച്ച വെൽ ലാൻഡ് പോളിമേഴ്സ് മാനേജിംഗ് ഡയറക്ടർ നിതീഷിനെയും യോഗത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ജോയിൻറ് ഡയറക്ടർമാരായ ഫാ.ജോയി പയ്യപ്പിള്ളി,ഫാ. ആൻ്റണി ഡേവിസ്, പ്രിൻസിപ്പൽ ഡോ സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, അധ്യാപകരായ ഡോ. അരുൺ അഗസ്റ്റിൻ, സുനിൽ പോൾ, ഡോണി ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.
യുവജനങ്ങൾക്കിടയിൽ സംരംഭകത്വ ആഭിമുഖ്യം വളർത്തിയെടുക്കണം : മന്ത്രി റോഷി അഗസ്റ്റിൻ
Advertisement