ശ്രീ കൂടൽമാണിക്യം ദേവസ്വത്തിൻ്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന ആയുർവേദ വിഭാഗത്തിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു നിർവഹിച്ചു

57

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിൻ്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന ശ്രീ സംഗമേശ്വര ആയുർവ്വേദ ഗ്രാമത്തിൻ്റെ ഭാഗമായി കൊട്ടിലാക്കൽ ടൂറിസം ബിൽഡിംഗിൽ ആരംഭിക്കുന്ന ആയുർവേദ വിഭാഗത്തിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു നിർവഹിച്ചു. ആയുർവേദ ഗ്രാമത്തിൻറെ ഭാഗമായി കൂടൽമാണിക്യം ദേവസ്വം മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി ചേർന്ന് ദേവസ്വത്തിൻ്റെ വിവിധ ക്ഷേത്രങ്ങളിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമിയിൽ ആരംഭിക്കുന്ന ഔഷധ സസ്യ കൃഷിയുടെ വിത്തിടൽ കർമ്മവും ബഹുമാനപ്പെട്ട മന്ത്രി നിർവഹിച്ചു.ആധുനിക ജീവിത ശൈലിയെ തുടർന്ന് സമൂഹത്തിൽ രോഗങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പ്രകൃതിയോടിണങ്ങുന്ന ശാസ്ത്രമായ ആയുർവേദത്തിൻ്റെ പ്രസക്തി വർധിച്ച് വരികയാണെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കു വേണ്ടി പ്രസിഡണ്ട് CV രവി ധാരണാപത്രം മന്ത്രിക്ക് കൈമാറി. കൂടൽമാണിക്യം ദേവസ്വത്തിന് വേണ്ടി അഡ്മിനിസ്ട്രേറ്റർ എം സുഗീത ധാരണാപത്രം മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.ചടങ്ങിൽ ദേവസ്വം ചെയർമാൻ യു പ്രദീപ്മേനോൻ അധ്യക്ഷത വഹിച്ചു.ആയുർവ്വേദ ഗ്രാമത്തിൻ്റെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്ക് സഹായം നല്കിയ തോട്ടപ്പിള്ളി വേണുഗോപാലമേനോൻ, മനോജ്കുമാർ രാധാക്യഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, മറ്റത്തൂർ ലേബർ കോൺട്രാക്റ്റ് കോ- ഓപ്പറ്റേീവ് സൊസൈറ്റി പ്രസിഡണ്ട് സി വി രവി, സെക്രട്ടറി പ്രശാന്ത്,നഗരസഭ വൈസ് ചെയർമാൻ ചാർലി, വാർഡ് കൗൺസിലർമാരായ സന്തോഷ് ബോബൻ, സുജ,ദേവസ്വം ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ കെ ജി അജയ്കുമാർ, കെ എ പ്രേമരാജൻ, കെ ജി സുരേഷ് എന്നിവർ സംസാരിച്ചു.ആയുർവ്വേദ ഗ്രാമം ഡയറക്ടർ ഡോ. കേസരി മേനോൻ സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ എം സുഗീത നന്ദിയും പറഞ്ഞു.

Advertisement