ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിൽ ദേശീയ ടെക്‌നിക്കൽ ഫെസ്റ്റിവലിന് അരങ്ങൊരുങ്ങുന്നു

42

ഇരിങ്ങാലക്കുട: സ്‌കൂൾ കോളേജ് വിദ്യാര്ഥികക്കിടയിൽ സാങ്കേതിക അഭിരുചി വളർത്തുക, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ പുതു മുന്നേറ്റങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ടെക് ഫെസ്റ്റ് ”ടെക്ലെറ്റിക്സ് 2022” ൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഫെസ്റ്റിൻ്റെ ഉത്ഘാടനം ഏപ്രിൽ 30 രാവിലെ 9:30 ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും.മെയ് 1,2,3 തീയതികളിലായി ഓൺലൈൻ ഇവന്റുകളും 4,5,6 തീയതികളിലായി ഓഫ്‌ലൈൻ ഇവന്റുകളുമാണ് അരങ്ങേറുക. ഇലക്ട്രിക് ആൻഡ് ഹൈബ്രിഡ് വെഹിക്കിൾ പ്രദർശനം, വിർച്വൽ റിയാലിറ്റി പ്രദർശനം, പോർട്ടബിൾ വീടുകളുടെ എക്സ്പോ, ജല റോബോട്ടുകളുടെ പ്രദർശനം, അഗ്നിശമന സേനയുടെ പ്രദർശനം, ബി എസ് എൻ എലിൻ്റെയും ഓൾ ഇന്ത്യ റേഡിയോയുടെയും സഹകരണത്തോടെ നടത്തുന്ന പ്രദർശനങ്ങൾ എന്നിവയടക്കം ഒന്പത് എക്സിബിഷനുകൾ, ഒന്പത് സാങ്കേതിക ശില്പശാലകൾ, പതിനൊന്ന് പ്രഭാഷണങ്ങൾ, അൻപതോളം സാങ്കേതിക മത്സരങ്ങൾ, ഇരുപത് കലാ-സാംസ്കാരിക മത്സരങ്ങൾ എന്നിങ്ങനെ നൂറ്റി ഇരുപതോളം ഇവന്റുകളാണ് ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറുക. സ്‌കിൽ ജാക്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൊഴിൽ മേള, സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായുള്ള റോബോട്ടിക്‌സ് മത്സരങ്ങൾ,ഡാൻസ് ബാറ്റിൽ, മ്യൂസിക് ബാൻഡ് മത്സരം, സംരംഭത്വ പരിശീലന പരിപാടികൾ എന്നിവയും ഫെസ്റ്റിന്റെ ആകർഷണങ്ങളിൽ പെടുന്നു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ആകെ അഞ്ചു ലക്ഷത്തിലേറെ രൂപയുടെ പ്രൈസ് മണിയായി നൽകുന്നത് സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി പ്രമാണിച്ചു ദേശീയോദ്ഗ്രഥനം ലക്‌ഷ്യമാക്കി ‘ ഇന്ത്യയിലെ നഗരങ്ങൾ’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ഫെസ്റ്റിനായിക്യാംപസ് അണിയിച്ചൊരുക്കുന്നത്. വിവിധ നഗരങ്ങളുടെ പവിലിയനുകളിൽ നിന്നായി അവിടങ്ങളിലെ സംസ്കാരം, രുചിഭേദങ്ങൾ, സ്മാരകങ്ങൾ എന്നിവ പരിചയപ്പെടാനുള്ള അവരം സന്ദർശകർക്ക് ലഭിക്കും. മെയ് ആറിന് എം സി പി കൺവൻഷൻ സെന്ററിൽ വച്ചു നടക്കുന്ന പ്രൊ ഷോ യോടെ ഫെസ്റ്റിന് സമാപനമാകും.സിതാര കൃഷ്ണകുമാർ, സച്ചിൻ വാര്യർ എന്നിവരുടെ ഗാനമേള, എം ജെ ഫൈവ് ടീമിൻ്റെ ഫ്യൂഷൻ ഡാൻസ്, ജൂലിയ ബ്ലിസ് അവതരിപ്പിക്കുന്ന ഡി ജെ എന്നിവയാണ് പ്രൊ ഷോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫെഡറൽ ബാങ്ക്, ഓറിയോൺ സ്റ്റഡി എബ്രോഡ്, കെ എൽ എഫ് നിർമൽ ഇൻഡസ്ട്രീസ് , കെ പി എൽ ഓയിൽ മിൽസ് , കെ എസ ഇ ലിമിറ്റഡ് ,എന്നിവയാണ് ഫെസ്റ്റിന്റെ പ്രധാന സ്‌പോൺസർമാർ. അധ്യാപകരായ ഡോ. അരുൺ അഗസ്റ്റിൻ, രാജീവ് ടി ആർ, വിദ്യാർത്ഥികളായ അബ്ദുൽ അഹദ് എം എം, ദേവപ്രിയ സി. ജി. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ഫെസ്റ്റിൻ്റെ തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകുന്നത്.

Advertisement