ഇരിങ്ങാലക്കുട നഗരസഭയുടെ 2022-2023 വര്‍ഷത്തേക്കുള്ള ബജറ്റ് ഭേതഗതിയോടെ അംഗീകരിച്ചു

45

ഇരിങ്ങാലക്കുട: നഗരസഭയുടെ 2022-2023 വര്‍ഷത്തേക്കുള്ള ബജറ്റ് ഭേതഗതിയോടെ അംഗീകരിച്ചു. 4 കോടി 92 ലക്ഷത്തി 62 ആയിരത്തി 874 രൂപ മുന്‍ നീക്കിയിരിപ്പും, 84 കോടി 40 ലക്ഷത്തി 81 ആയിരത്തി 51 രൂപ വരവും അടക്കം 89 കോടി 33 ലക്ഷത്തി 43 ആയിരത്തി 932 രൂപ വരവും 87 കോടി മുന്നു ലക്ഷത്തി 80 ആയിരത്തി 64 രൂപ ചിലവും, രണ്ട്് കോടി 29 ലക്ഷത്തി 63 ആയിരത്തി 868 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി. വി. ചാര്‍ളി അവതരിപ്പിച്ച ബജറ്റാണ് ചര്‍ച്ചകള്‍ക്കു ശേഷം ഭേതഗതികളോടെ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം പാസ്സാക്കിയത്. ആധുനിക രീതിയിലുള്ള പട്ടണമാക്കി ഇരിങ്ങാലക്കുടയെ മാറ്റുന്നതിനുള്ള യാതൊരു പദ്ധതിയും വിഭാവനം ചെയ്യാത്ത ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ. ആര്‍. വിജയ ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുട നഗരസഭ ബസ്സ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, അറവുശാല, ക്രിമിറ്റോറിയം തുടങ്ങിയ ആധുനിക പട്ടണത്തിനാവശ്യമായ പദ്ധതികളെ കുറിച്ച് ബജറ്റില്‍ പരാമര്‍ശം പോലുമില്ലെന്ന് അഡ്വ കെ. ആര്‍. വിജയ പറഞ്ഞു. കുടുംബശ്രീ, വനിതാ വികസനം, കാര്‍ഷിക മേഖല തുടങ്ങി സമസ്ത മേഖലകളെയും അവഗണിച്ച ബജറ്റാണ്. ബജറ്റ് പ്രസംഗത്തില്‍ കാണുന്ന കാര്യങ്ങള്‍ ബജറ്റ് എസ്റ്റിമേറ്റില്‍ കാണുന്നില്ലെന്നും, എസ്റ്റിമേറ്റില്‍ കാണുന്ന കാര്യങ്ങള്‍ ബജറ്റ് സ്‌റ്റേറ്റ്‌മെന്റില്‍ കാണുന്നില്ലെന്നും, ഇക്കാര്യത്തില്‍ സര്‍ക്കസ്സ്‌കാരന്റെ മെയ് വഴക്കത്തോടെയാണ് കണക്കുകള്‍ ഉദ്ധരിച്ചിള്ളതെന്നും അഡ്വ കെ. ആര്‍. വിജയ കുറ്റപ്പെടുത്തി. നഗരസഭ ബസ്സ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, അറവുശാല എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട് കിഫ്ബി പോലുള്ള സ്രോതസ്സുകളില്‍ നിന്നും പണം ലഭ്യമാക്കി പദ്ധതി തയ്യാറാക്കണമെന്നും അഡ്വ കെ. ആര്‍. വിജയ നിര്‍ദ്ദേശിച്ചു. കരുവന്നൂര്‍ പുഴയെ ഉപയോഗപ്പെടുത്തി ഇരിങ്ങാലക്കുട നഗരസഭക്കു മാത്രമായി ശുദ്ധജല പദ്ധതിക്ക് രൂപം നല്‍കണമെന്നും, ജനറല്‍ വിഭാഗത്തിന് ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കണമെന്നും അഡ്വ കെ. ആര്‍. വിജയ ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലയെ അവഗണിച്ച ബജറ്റാണന്നും, വികസനകാഴ്ചപ്പാടില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത എല്‍. ഡി. എഫ്. അംഗങ്ങള്‍ കുറ്റപ്പെടുത്തി. ആരോഗ്യ മേഖലയില്‍ ആയുര്‍വേദ-ഹോമിയോ ആശുപത്രികളെ കുറിച്ച് പരാമര്‍ശം പോലുമില്ല, നഗര പുരോഗതിക്ക് ഒരു പദ്ധതി പോലും നിര്‍ദ്ദേശിക്കാത്ത മുഖം മിനുക്കല്‍ ബജറ്റായി മാറിയെന്നും, നഗരസഭക്ക് മാത്യകയായി ഒരു കായിക പദ്ധതി പോലും അവതരിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നും എല്‍. ഡി. എഫ്. അംഗങ്ങള്‍ കുറ്റപ്പെടുത്തി. യാഥാര്‍ത്ഥ്യവുമായി പൊരുത്തമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. നഗരസഭ സ്വന്തമായി ഭൂമി വാങ്ങി ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കണമെന്നും സന്തോഷ് ബോബന്‍ നിര്‍ദ്ദേശിച്ചു. നഗരസഭയില്‍ യാര്‍ഡ് നിര്‍മ്മിക്കണമെന്നും, നഗരസഭ ഇട്ടിട്ടുള്ള സോളാര്‍ ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. ഊതി വീര്‍പ്പിച്ച ബജറ്റ് നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്നും, ഇതില്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ പ്രായോഗികമാവുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ബി. ജെ പി അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ പരമിതികള്‍ക്കത്തു നിന്നുകൊണ്ട് തയ്യാറാക്കാവുന്ന ഏറ്റവും നല്ല ബജറ്റെന്നായിരുന്നു യു. ഡി. എഫ്. അംഗങ്ങളുടെ അഭിപ്രായം. തനതു ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ കുറച്ചു കൊണ്ടു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. തനതു ഫണ്ട് കണ്ടെത്തിയാല്‍ മാത്രമെ നഗരസഭക്ക് സാമ്പത്തിക ഭദ്രത കൈവരിക്കാനാകുവെന്ന് തിരിച്ചറിഞ്ഞ് പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തുവാനുള്ള ശ്രമം ബജറ്റില്‍ നടത്തിയുട്ടുണ്ട്. പ്രതിസന്ധികള്‍ക്കിടയിലും എല്ലാ മേഖലയെയും ഉള്‍പ്പെടുത്തി അവതരിപ്പിച്ച ബജറ്റിനെ യു. ഡി. എഫ്. അംഗങ്ങള്‍ അഭിനന്ദിച്ചു. ലഭ്യമായ സാമ്പത്തിക സ്രോതസ്സ് ഉപയോഗപ്പെടുത്തി കൊണ്ട്, സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് വെട്ടികുറച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമസ്ത മേഖലയെയും പരിഗണിച്ച ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ചൂണ്ടിക്കാട്ടി. നികുതിയേതര വരുമാനം വര്‍ധിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി. വി. ചാര്‍ളി പറഞ്ഞു. അമ്യതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ മുഴുവന്‍ വീടുകളിലേക്കും കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതിക്ക് മുന്‍ഗണന നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി. വി. ചാര്‍ളി അംഗങ്ങളുടെ നിര്‍ദ്ദേശവും കൂടി ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചു.

Advertisement