മലക്കപ്പാറ അടിച്ചിൽത്തൊട്ടി കോളനിയിൽ ഭക്ഷ്യ കിറ്റും ടോർച്ചും വിതരണം ചെയ്ത് തവനിഷ്

27

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് മലക്കപ്പാറ അടിച്ചിൽത്തൊട്ടി കോളനി നിവാസികൾക്കായി പച്ചക്കറികളും ധാന്യങ്ങളും അടങ്ങുന്ന ഭക്ഷ്യ കിറ്റുകളും ടോർച്ച് ചാലഞ്ച് വഴി സംഭരിച്ച തുകയിൽ നിന്ന് ടോർച്ചുകളും വിതരണം ചെയ്തു.അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് അധികൃതരുടെ അഭ്യർത്ഥനപ്രകാരം മലക്കപ്പാറ അടിച്ചിൽത്തൊട്ടി കോളനിയിലെ നൂറ്റിയിരുപതോളം കുടുംബങ്ങൾക്കായുള്ള ഭക്ഷ്യകിറ്റും ടോർച്ചും മാർച്ച് 13 ഞായറാഴ്ച രാവിലെ 10.30 ന് വിതരണം ചെയ്തു.ക്രൈസ്റ്റ് കോളേജ് മാനേജർ ,റവ.ഫാ .ജേക്കബ് ഞെരിഞ്ഞാമ്പിള്ളി ആധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ റവ.ഫാ.ഡോ.ജോളി ആൻഡ്രൂസ് സ്വാഗതം അർപ്പിച്ചു.അദ്ദേഹം കോളനിയിലെ വിദ്യാർത്ഥികൾക്ക് ക്രൈസ്റ്റ് കോളേജിൽ സൗജന്യ പഠനത്തിനുള്ള അവസരം വാഗ്ദാനം ചെയ്തു.അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. കെ. റിജേഷ് ഭക്ഷ്യ കിറ്റും ടോർച്ചും വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ .ബിജു വാഴക്കാല ,മലക്കപ്പാറയിലെ സാമൂഹിക പ്രവർത്തകൻ ലത്തീഫ് , തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫ മുവിഷ് മുരളി ,സുവോളജി വിഭാഗം മേധാവി ഡോ. സുധീർ കുമാർ എന്നിവർ സംസാരിച്ചു.തവനീഷിൻ്റെ സ്റ്റാഫ് കോർഡിനേറ്ററായ മുവിഷ് മുരളി കോളനി നിവാസികളുടെ തനത് ഭാഷ അന്യം നിന്ന് പോകാതിരിക്കാൻ കോളേജിലെ മലയാള വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്നും മേഖലയിലെ വിവരശേഖരണത്തിനായി പഞ്ചായത്ത് അധികൃതരെ സഹായിക്കാൻ തവനിഷ് വൊളണ്ടിയർമാരെ അടിച്ചിൽത്തൊട്ടിയിലേക്ക് അയക്കാമെന്നും വാഗ്ദാനം ചെയ്തു.ഊരുമൂപ്പൻ പെരുമാൾ അവർകളുടെ നേതൃത്വത്തിൽ മറ്റ് ഊര് നിവാസികളും, ക്രൈസ്റ്റ് കോളേജിലെ അധ്യാപക അനധ്യാപകരും ,തവനിഷ് വളണ്ടിയർമാരും ചടങ്ങിൽ പങ്കെടുത്തു.

Advertisement