ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി. സി. ഷിബിനെതിരെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നക്ഷത്ര റസിഡന്‍സ് അസോസിയേഷന്‍

61
Advertisement

ഇരിങ്ങാലക്കുട: നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി. സി. ഷിബിനെതിരെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നക്ഷത്ര റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ നിവേദനം. മുപ്പത്തിയഞ്ചാം വാര്‍ഡിലെ തൈവളപ്പില്‍ അമ്പലം പരിസരത്തെ റോഡ് ടാറിങ്ങ് നടത്തുമ്പോള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് ടാറിങ്ങ് നടത്തുവാന്‍ കൗണ്‍സിലര്‍ ആവശ്യപ്പെട്ടുവെന്നത് അടിസ്ഥാന രഹിതമാണന്ന് നിവേദനത്തില്‍ പറയുന്നു. സ്ഥലത്തെ നിജസ്ഥിതി അറിയാതെയാണ് ചെയര്‍പേഴ്‌സണ്‍ ആരോപണം ഉന്നയിച്ചിട്ടുള്ളത്. മുകളില്‍ നിന്നും ഒഴുകി വരുന്ന വെള്ളം റോഡിന്റെ ഇടതുവശത്തേക്കാണ് ഒഴുകിപോയിരുന്നത് വളവും തരിവുമുള്ള റോഡ് അപകടാവസ്ഥയിലും ശോച്യാവസ്ഥയിലും ആയിരുന്നു. ഈ റോഡ് ഉയര്‍ത്തി അപകടസ്ഥിതി മാറ്റിയാണ് ടാറിങ്ങ് നടത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് താഴേക്ക് വാഹനം ഇറങ്ങുന്നതിന് പൊതുസ്ഥലത്തു തന്നെ റോഡ് ചെരിച്ച് രണ്ടടിയോളം ടാര്‍ ചെയ്തതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സത്യാവസ്ഥമനസ്സിലാക്കാതെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന് നക്ഷത്ര റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ അഭാവത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി. വി. ചാര്‍ളിക്ക് നിവേദനം നല്‍കി. അസോസിയേഷന്‍ സെക്രട്ടറി ഗിരിജാ വല്ലഭന്‍, വി. എ. രാമചന്ദ്രന്‍, ഷിജു, ശശികുമാര്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

Advertisement