ചരിത്ര ശേഖരണത്തിന്റെ പുതുവഴികൾ തേടി ക്രൈസ്റ്റ് കോളേജിൽ വാമൊഴി ചരിത്ര മ്യൂസിയം തുറന്നു

63

ഇരിങ്ങാലക്കുട: ചരിത്ര നിർമിതിയിൽ ആരും മാറ്റിനിർത്തപ്പെടേണ്ടവരല്ല, മറിച്ച്, സമൂഹത്തിലെ ഓരോരുത്തരും ഉൾപ്പെടുന്നതാകണം ചരിത്ര നിർമ്മാണം എന്ന് കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പുതുതായി ആരംഭിച്ച ഓറൽ ഹിസ്റ്ററി ആർകൈവ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൻറെ സൂക്ഷ്മ തലങ്ങളിലേക്ക് കടന്നുചെല്ലാൻ സഹായിക്കുന്നവയാണ് വാമൊഴി ചരിത്രം. ചരിത്രരചനയുടെ മുഖ്യധാരയിൽ ഇടം കിട്ടാതെ പോയവർക്ക് ഇടം നൽകുന്നതാണ് വാമൊഴി ചരിത്രരചന. സാധാരണക്കാരുടേയും ദളിതരുടേയും സ്ത്രീകളുടെയും പക്ഷത്തുനിന്ന് ചരിത്രത്തെ നോക്കിക്കാണുവാൻ വാമൊഴി ചരിത്ര ശേഖരം സഹായിക്കുന്നുവെന്നും സ്പീക്കർ പറഞ്ഞു.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ചരിത്ര വിഭാഗത്തെയും ഐ ക്യു എ സി യുടെയും നേതൃത്വത്തിലാണ്‌ ഓറൽ ഹിസ്റ്ററി മ്യൂസിയം ഒരുക്കിയത്. സാധാരണക്കാരുടെ ജീവിതാനുഭവങ്ങളും തനത് നാട്ടറിവുകളും പ്രമുഖ പണ്ഡിതരുടെ അറിവുകളും അനുഭവങ്ങളും വാമൊഴി രൂപത്തിലും ദൃശ്യ രൂപത്തിലും വരുംതലമുറയ്ക്കായി സൂക്ഷിച്ചുവയ്ക്കുന്ന രീതിയാണ് ഓറൽ ഹിസ്റ്ററി ആർക്കൈവ്സ്. വിദേശ സർവകലാശാലകളിലും ഏതാനും ഇന്ത്യൻ സർവകലാശാലകളിലും പ്രാധാന്യം കൊടുക്കുന്ന ഒരു ചരിത്ര വിജ്ഞാനശാഖയാണ് വാമൊഴി ചരിത്ര ശേഖരം. ഇത്തരത്തിൽ ചരിത്രം സൂക്ഷിക്കുന്ന കേരളത്തിലെ അപൂർവ്വം ചില കോളേജുകളിൽ ഒന്നാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്. 2018ലെ പ്രളയ അനുഭവങ്ങൾ, കോവിഡ്-19 മഹാമാരിയുടെ അനുഭവങ്ങൾ, കൃഷി, നാട്ടുവൈദ്യം, ആശാരിപ്പണി, കൊല്ലപ്പണി തുടങ്ങിയ നാട്ടറിവുകൾ, പ്രമുഖ ചരിത്രകാരൻമാരായ എം ജി എസ് നാരായണൻ, കേശവൻ വെളുത്താട്ട്, എം ആർ രാഘവവാരിയർ തുടങ്ങിയവരുടെ അഭിമുഖങ്ങൾ സ്ത്രീകളുടെ പ്രത്യേകിച്ച് അരിക് വൽക്കരിക്കപ്പെട്ട സ്ത്രീകളുടെ അനുഭവങ്ങൾ, മരണം, ഉത്സവം എന്നിവയുമായി ബന്ധപ്പെട്ട തോറ്റംപാട്ടുകൾ, ക്രൈസ്റ്റ് കോളേജിലെ ആദ്യകാല അധ്യാപകരുടെയും വിദ്യാർഥികളുടെയും ഓർമ്മകൾ തുടങ്ങിയ രേഖകൾ ഇതുവരെ ശബ്ദ രൂപത്തിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്. തദ്ദേശീയരായ വയോധികർക്കും, മധ്യവയസ്കർക്കും ഇതിൽ പങ്കാളികളാകാം.നിങ്ങൾ അറിയുന്ന സ്ഥല ചരിത്രങ്ങളും ചരിത്ര സംഭവങ്ങളും വാമൊഴിയായി രേഖപ്പെടുത്തി സൂക്ഷിച്ചു വയ്ക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ വാട്‌സ്ആപ്പിൽ 9946057892, 9846214700 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.പരിപാടിയിൽ കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അധ്യക്ഷനായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഐ ക്യു എ സി കോഡിനേറ്റർ ഡോ. റോബിൻസൺ പി, ആർട്സ് വിഭാഗം ഡീൻ ഡോ. അരവിന്ദ, ഹിസ്റ്ററി വിഭാഗം മേധാവി ഡോ. ലിഷ കെ കെ എന്നിവർ പ്രസംഗിച്ചു.പൊതുജനങ്ങൾക്ക് സൗജന്യമായി കേൾക്കാം. https://christcollegeijk.edu.in/oralharch.

Advertisement