ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ നിര്‍മ്മിക്കുന്ന വഴിയിട വിശ്രമകേന്ദ്രങ്ങള്‍ പൂര്‍ത്തിയാകുന്നു

86

ഇരിങ്ങാലക്കുട :നഗരത്തിലെത്തുന്ന സ്ത്രീകളടക്കമുള്ളവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമില്ലെന്ന പരാതി പരിഹരിക്കാന്‍ നഗരസഭ പരിധിയില്‍ മൂന്നിടത്തായിടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ നിര്‍മ്മിക്കുന്ന വഴിയിട വിശ്രമകേന്ദ്രങ്ങള്‍ പൂര്‍ത്തിയാകുന്നു. നഗരസഞ്ജയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ്, ഠാണവിലെ പൂതംകുളം, പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത്. നഗര സമാഹരണ ധനസഹായമായി ലഭിച്ച 20 ലക്ഷവും നഗരസഭയുടെ സി.എസ്.ആര്‍. ഫണ്ടില്‍ നിന്നുള്ള 14 ലക്ഷവും ചിലവഴിച്ചാണ് വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കുന്നത്. കഫെ ഏരിയ, മുലയൂട്ടല്‍ മുറി, വിശ്രമ മുറി, ശൂചി മുറികള്‍ എന്നിവയാണ് ഇവയിലോരോന്നിലും സജ്ജമാക്കുന്നത്. ഇതില്‍ ബസ് സ്റ്റാന്റിലെ പഴയ കംഫര്‍ട്ട് സ്റ്റേഷന്‍ നവീകരിച്ച് നിര്‍മ്മിച്ച വഴിയിട വിശ്രമകേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. കഫെ ഏരിയയുടെ ഉദ്ഘാടനം കഴിഞ്ഞു. എന്നാല്‍ ലേല നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. പൂതംകുളത്ത് നിര്‍മ്മിക്കുന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലാണ്. പച്ചക്കറി മാര്‍ക്കറ്റിലെ നിലവിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നവീകരിച്ചാണ് വിശ്രമകേന്ദ്രമാക്കുന്നത്. ഇതിന്റെ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടില്ല. ഇവിടെ കഫെ ഏരിയ നിര്‍മ്മിക്കുകയും ടോയ്‌ലറ്റ് ബ്ലോക്ക് നവീകരിക്കുകയും വേണം. പൂതംകുളത്തെ വിശ്രമകേന്ദ്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയായതിന് ശേഷം മാര്‍ക്കറ്റിലെ കേന്ദ്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടക്കും. കരുവന്നൂരും മാപ്രാണം സെന്ററിലും വിശ്രമകേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ നഗരസഭയ്ക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് സ്ഥലം അനുവദിക്കാതിരുന്നതിനാല്‍ അവ ഉപേക്ഷിച്ചു. ഡിസംബറില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതി പ്രവര്‍ത്തികളാണ് കോവിഡ് പ്രതിസന്ധിമൂലം മൂലം വൈകാന്‍ ഇടയാക്കിയതെന്ന് നഗരസഭ വ്യക്തമാക്കി.

Advertisement