കരുവന്നൂര്‍ പുഴയ്ക്ക് കുറുകെ കാട്ടൂര്‍- താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് സ്ഥിരം ബണ്ട് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തികള്‍ നീണ്ടുപോകുന്നു

65

കാട്ടൂര്‍: കരുവന്നൂര്‍ പുഴയ്ക്ക് കുറുകെ കാട്ടൂര്‍- താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് സ്ഥിരം ബണ്ട് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തികള്‍ നീണ്ടുപോകുന്നു. സ്ഥിരം ബണ്ട് നിര്‍മ്മാണം ഉദ്ഘാടനത്തില്‍ മാത്രം ഒതുങ്ങിപോയപ്പോള്‍ ഇക്കുറിയും താല്‍ക്കാലിക ബണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉപ്പുവെള്ള ഭീഷണി ഒഴിവാക്കി. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ അവസാന കാലത്താണ് മുനയത്ത് സ്ഥിരം ബണ്ട് നിര്‍മ്മിക്കുന്നതിന്റെ ഉദ്ഘാടനം നടത്തിയത്. നിര്‍മ്മാണപ്രവര്‍ത്തികളുടെ ആദ്യഘട്ടമെന്ന നിലയില്‍ സാധനസാമഗ്രികള്‍ സൂക്ഷിക്കാനുള്ള ഷെഡ്ഡും സ്ഥാപിച്ചു. എന്നാല്‍ പിന്നീട് യാതൊരു നടപടികളും ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് 25 ലക്ഷത്തിലധികം രൂപ ചിലവഴിച്ച് ഇത്തവണയും താല്‍ക്കാലിക ബണ്ട് നിര്‍മ്മിച്ച് ഉപ്പുവെള്ള ഭീഷണി ഒഴിവാക്കി. ജില്ലയിലെ പ്രധാന കുടിവെള്ള ശ്രോതസ്സുകളിലൊന്നാണ് കരുവന്നൂര്‍ പുഴ. കനോലി കനാലില്‍ നിന്നും ഉപ്പുവെള്ളം കയറി കാട്ടൂര്‍, അന്തിക്കാട് മേഖലയിലെ കൃഷി നശിക്കാതിരിക്കാനും ശുദ്ധജല സംഭരണികള്‍ മലിനമാകാതിരിക്കാനുമാണ് ഡിസംബര്‍- ജനുവരി മാസങ്ങളിലായി പുഴയ്ക്ക് കുറുകെ ബണ്ട് കെട്ടുന്നത്. ഇത് പിന്നീട് മഴക്കാലമാകുന്നതോടെ പൊളിച്ചുനീക്കുകയാണ് ചെയ്യുക. വര്‍ഷംതോറും ലക്ഷങ്ങള്‍ ചിലവഴിച്ച് താല്‍ക്കാലിക ബണ്ട് നിര്‍മ്മിക്കുന്നതിനെതിരെ അഴിമതി ആരോപണങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയില്‍ ഇവിടെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കണമെന്ന് കാലങ്ങളായി ജനം ആവശ്യപ്പെട്ടുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ 24 കോടി രൂപ അനുവദിച്ചിരുന്നത്. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് മാറ്റം വരുത്തിയ ഡിസൈന്‍ അനുസരിച്ച് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന് 34.25 കോടി രൂപ ആവശ്യമായി. കൂടുതലായി വന്ന തുക നബാര്‍ഡിന്റെ സഹായത്തോടെ ലഭ്യമാക്കാനാണ് നീക്കം. പുതുതായി നിര്‍മ്മിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജിലേക്കുള്ള അപ്രോച്ച് റോഡിന് താന്ന്യം, കാട്ടൂര്‍ പഞ്ചായത്തുകളില്‍ നിന്നുള്ള ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കില്‍ മാത്രമെ സ്ഥിരം ബണ്ടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകു.

Advertisement