ക്രൈസ്റ്റ് കോളേജിൽ ജല ഗുണനിലവാര പരിശോധനാ ലാബ് സജ്ജമായി

91

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ ജലത്തിന്റെ 21 ഗുണനിലവാര ഘടകങ്ങൾ പരിശോധിക്കാവുന്ന പരീക്ഷണശാല ഒരുങ്ങി. ഗാർഹിക ആവശ്യങ്ങൾക്കും വ്യാവസായികാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം പൊതുജനങ്ങൾക്ക് ഇവിടെ പരിശോധിച്ചു കൊടുക്കപ്പെടും. ക്രൈസ്റ്റ് അക്ക്വാ റിസെർച്ച് ലാബ് എന്ന് നാമകരണം ചെയ്യപ്പെട്ട ലാബിൽ ജലത്തിന്റെ പ്രധാനപ്പെട്ട ഭൗതിക-രാസ-ജൈവ ഘടകങ്ങൾ എല്ലാം പരിശോധിക്കാനുള്ള സൗകര്യങ്ങൾ ഒരുങ്ങിയിട്ടുണ്ട്. കുടിവെള്ളത്തിന്റെ സുരക്ഷിതത്വം, ജലത്തിൽ അടങ്ങിയിട്ടുള്ള മാലിന്യങ്ങളുടെ തോത് എന്നിവ അറിയാൻ ലാബിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ലാബിലെ ഗവേഷകർ നൽകുമെന്ന് കോളേജ് പ്രിൻസിപ്പൽ ഫാദർ ജോളി ആൻഡ്രൂസ് പറഞ്ഞു. ജലത്തിന്റെ നിറം, കലക്കം, വൈദ്യുതീവാഹകശക്തി, പിഎച്ച്, ഘനപദാര്‍ത്ഥങ്ങളുടെ അളവ്, അമ്ലത്വം, ക്ഷാരാംശം, കാഠിന്യം, കാൽസ്യം, മഗ്നീഷ്യം, ക്ലോറൈഡ്, ഫ്ലൂറൈഡ്, സൾഫൈഡ്, നൈട്രേറ്റ്, ഇരുമ്പ്, കോളിഫോം എന്നിവയാണ് പരിശോധിച്ചു കൊടുക്കപ്പെടുന്ന പ്രധാന ഘടകങ്ങൾ. ജല സാമ്പിളുകൾ ലാബിൽ നേരിട്ടോ കോളേജിന്റെ ഭൂഗര്‍ഭശാസ്‌ത്ര-പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലോ ഏൽപ്പിക്കാവുന്നതാണ്.

Advertisement