തകര്‍ന്ന് കുഴിയായി ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ്

40

ഇരിങ്ങാലക്കുട: നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിര്‍മ്മിച്ച ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിലെ കുണ്ടും കുഴികളും യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തികള്‍ നടന്ന ഭാഗത്താണ് തകര്‍ന്ന് കുണ്ടും കുഴികളുമായി കിടക്കുന്നത്. മഴയ്ക്ക് മുമ്പെ തകര്‍ന്ന് കിടന്നിരുന്ന റോഡ് 34 ലക്ഷം ചിലവഴിച്ച് റീ ടാറിങ്ങ് നടത്തിയെങ്കിലും സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന ഭാഗം ടാറിങ്ങ് നടത്താതെ കരിങ്കല്ലും പൊടിയുമിട്ട് ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ ഈ ഭാഗത്താണ് മഴക്കാലമായതോടെ വീണ്ടും കുണ്ടും കുഴികളും രൂപപ്പെടുകയായിരുന്നു. റോഡിന്റെ നിര്‍മ്മാണത്തിലെ അപാകവും മഴ പെയ്ത് റോഡില്‍ നിറയുന്ന വെള്ളം ഒഴുകി പോകാന്‍ പാകത്തിന് കാനയില്ലാത്തതുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ജനം പറയുന്നത്. ബൈപ്പാസ് റോഡിന് ഇരുവശത്തും വെള്ളം ഒഴുകി പോകുന്നതിന് കാന നിര്‍മ്മിക്കുമെന്ന് കഴിഞ്ഞ ഭരണസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല. കാട്ടൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് തിരക്കേറിയ ബസ് സ്റ്റാന്റ് വഴി പോകാതെ എളുപ്പം ഠാണാവിലേക്ക് എത്താന്‍ കഴിയുന്നതിനായിട്ടാണ് സമാന്തരമായി ബൈപ്പാസ് റോഡ് നിര്‍മ്മിച്ചത്.

Advertisement