ഉദ്ഘാടനം കഴിഞ്ഞ് എട്ടുവര്‍ഷമായിട്ടും പ്രവര്‍ത്തനക്ഷമമാകാതെ കിടന്നിരുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ ആധുനിക മത്സ്യചന്ത തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു

65

ഇരിങ്ങാലക്കുട: ഉദ്ഘാടനം കഴിഞ്ഞ് എട്ടുവര്‍ഷമായിട്ടും പ്രവര്‍ത്തനക്ഷമമാകാതെ കിടന്നിരുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ ആധുനിക മത്സ്യചന്ത തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു. മത്സ്യമാര്‍ക്കറ്റ് തുറക്കുന്നതിന്റെ ഭാഗമായി സ്റ്റാളുകള്‍ ലേലം ചെയ്ത് നല്‍കാനുള്ള നീക്കത്തിലാണ് നഗരസഭ. കൃത്യമായ നിയമാവലിയില്ലാതെ വാക്കാല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങളുടെ പുറത്താണ് നേരത്തെ ആളുകള്‍ സ്റ്റാളുകള്‍ ലേലം എടുത്തിരുന്നതെന്ന് നഗരസഭ ചെയര്‍പേഴ്സന്‍ സോണിയാഗിരി പറഞ്ഞു. അത് പക്ഷെ പ്രവര്‍ത്തിക്കാന്‍ പറ്റിയ അവസ്ഥയായിരുന്നില്ല. ഇനി അത്തരത്തില്‍ ആകാതിരിക്കാന്‍ കൃത്യമായ നിയമാവലിയുടെ അടിസ്ഥാനത്തിലാണ് മത്സ്യ മാര്‍ക്കറ്റ് തുറക്കുകയെന്ന് ചെയര്‍പേഴ്സന്‍ വ്യക്തമാക്കി. ഇതിനായി തയ്യാറാക്കിയ കരട് നിയമാവലിക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. നിയമാവലി പരിശോധിക്കാനും പൊതുജനങ്ങള്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കുന്നതിനുമായി നഗരസഭ നോട്ടീസ് ബോര്‍ഡുകളിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപമുണ്ടെങ്കില്‍ ഒരുമാസത്തിനുള്ളില്‍ രേഖാമൂലം അറിയിക്കാം. അതിന് ശേഷം മത്സ്യമാര്‍ക്കറ്റ് ലേലം ചെയ്ത് കൊടുക്കും. ഇപ്പോള്‍ തന്നെ ലേലം എടുക്കുന്നതിന് നിരവധി പേര്‍ നഗരസഭയില്‍ അന്വേഷിച്ച് എത്തുന്നുണ്ടെന്നും ചെയര്‍പേഴ്സന്‍ പറഞ്ഞു. കുറഞ്ഞ ചിലവില്‍ നല്ല മത്സ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ കോസ്റ്റല്‍ ഏരിയാ ഡവല്പമെന്റ് കോര്‍പ്പറേഷന്‍ മൂന്നര കോടി രൂപയോളം ചിലവഴിച്ചാണ് ഇറച്ചി മാര്‍ക്കറ്റിനോട് ചേര്‍ന്ന് ആധുനിക മത്സ്യചന്ത നിര്‍മ്മിച്ചത്. 2013 ല്‍ അന്നത്തെ ഫിഷറീസ് മന്ത്രിയായിരുന്ന കെ.ബാബുവാണ് ചന്ത ഉദ്ഘാടനം ചെയ്തത്. പിന്നീട് പൊതുലേലത്തിലൂടെ സ്റ്റാളുകള്‍ കച്ചവടക്കാര്‍ക്ക് നല്‍കിയെങ്കിലും വിരലിലെണ്ണാവുന്ന് സ്റ്റാളുകളാണ് ലേലത്തില്‍ പോയത്. പിന്നീട് പല കാരണങ്ങളാല്‍ കടകള്‍ നഗരസഭയ്ക്ക് തിരിച്ചു നല്‍കി കച്ചവടക്കാര്‍ പിന്‍വാങ്ങുകയായിരുന്നു.

Advertisement