ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാറിനോട് കൂടല്‍മാണിക്യം ദേവസ്വം

71

ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാറിനോട് കൂടല്‍മാണിക്യം ദേവസ്വം. എന്നാല്‍ ഇക്കാര്യം ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ കലാനിലയം ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും ഇക്കാര്യം വ്യക്തമാക്കി ദേവസ്വം സര്‍ക്കാറിന് കത്ത് കൈമാറിയിട്ടുണ്ടെന്നും ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ പറഞ്ഞു. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു ഉണ്ണായിവാര്യര്‍. അദ്ദേഹത്തിന്റെ പേരില്‍ നടക്കുന്ന സ്ഥാപനം നല്ല നിലയില്‍ നടത്തുവാന്‍ ദേവസ്വത്തിന് താല്‍പര്യമുണ്ട്. അതിനാല്‍ എല്ലാവിധത്തിലും എന്തിനും തയ്യാറാണെന്നും ചെയര്‍മാന്‍ പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ അധീനതയില്‍ കൃഷ്ണനാട്ടം കലാനിലയവും ക്ഷേത്രകലാനിലയവും വൈക്കം ക്ഷേത്രത്തിനടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ക്ഷേത്രകലാപീഠം നടക്കുന്നു. അത്തരത്തില്‍ കലാനിലയത്തെ കൂടല്‍മാണിക്യം ദേവസ്വത്തിന് കീഴിലായാല്‍ ഒന്നാന്തരം കഥകളി വിദ്യാലയമാകുന്നതോടൊപ്പം സ്വന്തം വരുമാനവും വര്‍ധിപ്പിക്കാമെന്നും കലാനിലയത്തിലെ മുന്‍ പ്രിന്‍സിപ്പാള്‍മാരും മുന്‍ അധ്യാപകരും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഗ്രാന്റ് മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കലാനിലയത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ജീവനക്കാര്‍ക്ക് മാസാമാസം ശമ്പളം ലഭിക്കുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപ്പെന്റും ഇല്ല. അതിനാല്‍ കലാനിലയം സര്‍ക്കാര്‍ ഏറ്റെടുക്കുകയോ, ദേവസ്വത്തിന് കീഴിലാക്കുകയോ വേണമെന്നാവശ്യപ്പെട്ട് മുന്‍ പ്രിന്‍സിപ്പാള്‍മാര്‍, മുന്‍ അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, കഥകളി സംഘാടകര്‍, ആസ്വാദകര്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഒപ്പിട്ട നിവേദനം മന്ത്രിമാരായ കെ. രാധാകൃഷ്ണനും ആര്‍. ബിന്ദുവിനും നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ദേവസ്വം സര്‍ക്കാറിന് നിലപാട് അറിയിച്ച് കത്ത് നല്‍കിയത്.

Advertisement