കോന്തിപുലം പാലത്തിന് കുറുകെ താല്‍ക്കാലികമായി നിര്‍മ്മിച്ച തടയിണ പൂര്‍ണ്ണമായും പൊളിച്ച് മണ്ണ് നീക്കാത്ത സ്ഥലം മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു

42

മാടായിക്കോണം: കോന്തിപുലം പാലത്തിന് കുറുകെ താല്‍ക്കാലികമായി നിര്‍മ്മിച്ച തടയിണ പൂര്‍ണ്ണമായും പൊളിച്ച് മണ്ണ് നീക്കാത്ത സ്ഥലം മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ട് വിഷയം ശ്രദ്ധയില്‍പ്പെടുത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ജി. വിജയന്‍, രതി ഗോപി, പഞ്ചായത്തംഗം സുനില്‍കുമാര്‍ എ.എസ്., പാടശേഖരസമിതി അംഗം ഷാജു, കര്‍ഷകര്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. കൃഷി ആവശ്യത്തിന് വെള്ളം സംഭരിക്കാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് ലക്ഷങ്ങള്‍ ചിലവഴിച്ചാണ് ഓരോ വര്‍ഷവും കെ.എല്‍.ഡി.സി. കനാലില്‍ താല്‍ക്കാലിക തടയിണ നിര്‍മ്മിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ എന്നിവടങ്ങളിലായുള്ള 4500 ഏക്കര്‍ കോള്‍പ്പാടങ്ങളിലെ കൃഷിക്ക് ജലസേചനത്തിനായി വെള്ളം സംഭരിക്കുന്നതിനായിട്ടാണ് തടയിണ നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇക്കുറി മഴക്കാലം തുടങ്ങുന്നതിന് മുമ്പായി താല്‍ക്കാലിക തടയണ പൊട്ടിച്ചെങ്കിലും പൂര്‍ണ്ണമായും പൊളിച്ച് മണ്ണ് നീക്കം ചെയ്തില്ലെന്നാണ് കര്‍ഷകരുടെ ആരോപണം.

Advertisement