പുതുക്കാട് നിയോജകമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

38

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട, പുതുക്കാട് നിയോജകമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ ഇരിങ്ങാലക്കുടയുടേയും സെന്റ് ജോസഫ്‌സ് കോളേജില്‍ പുതുക്കാട് മണ്ഡലത്തിലേയുമാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ നടക്കുന്ന ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലും സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തിലും വോട്ടെണ്ണുന്നതിനായി മൂന്ന് കാബിനുകളും പോസ്റ്റല്‍ വോട്ട് എണ്ണുന്നതിനും ഇ.പി.പി.ക്കും ഓരോ ക്യാബിനുകളുമാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണല്‍ ക്യാബിനുകളില്‍ ഏഴുവീതം ടേബിളുകളും പോസ്റ്റല്‍ വോട്ടിങ്ങിന് ഒമ്പത് ടേബിളുകളും ഇ.പി.പി.ക്ക് ഒരു ടേബിളുമാണ് സജ്ജമാക്കിയിരിക്കുന്നത്. വോട്ടെണ്ണുന്നതിന് 21 ടേബിളുകളിലേക്ക് മൂന്നുപേര്‍ വീതവും പോസ്റ്റല്‍ വോട്ടിങ്ങ് കാബിനിലേക്ക് അഞ്ച് ഉദ്യോഗസ്ഥരേയുമാണ് നിയോഗിച്ചിരിക്കുന്നത്. ഓരോ ടേബിളിനും ഓരോ ഏജന്റുമാര്‍ വീതം നാല് പോളിങ്ങ് ഏജന്റുമാരെയാണ് പ്രതീക്ഷിക്കുന്നത്. ഇരിങ്ങാലക്കുടയില്‍ 300 ബൂത്തുകളിലായി 71,621 പുരുഷന്മാരും 79,381 സ്ത്രീകളുമടക്കം 1,51,006 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. പുതുക്കാട് മണ്ഡലത്തില്‍ 299 ബൂത്തുകളാണ് ഉള്ളത്. 1,51,948 പേരാണ് വോട്ടുരേഖപ്പെടുത്തിയിരിക്കുന്നത്. 4600ലേറെ പോസ്റ്റല്‍ വോട്ടുകളും ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കും. ഇതിന്റെ ഭാഗമായി രാഷ്ട്രീയപാര്‍ട്ടികളുടെ ഏജന്റുമാരുടെ കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതനുസരിച്ച് ശനിയാഴ്ച തന്നെ പാസ് നല്‍കും. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പായി ഉദ്യോഗസ്ഥര്‍ക്കും ഏജന്റുമാരേയും തെര്‍മോസ്‌കാനര്‍ പരിശോധന നടത്തും. പൊതുജനങ്ങള്‍ക്ക് മതിലിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

Advertisement