പുത്തന്‍ തോട് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരുഭാഗം താഴേയ്ക്കിരുന്നത് അടിയന്തിരമായി പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം

131

കരുവന്നൂര്‍: പ്രളയത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് പുത്തന്‍ തോട് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരുഭാഗം താഴേയ്ക്കിരുന്നത് അടിയന്തിരമായി പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം. തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ കരുവന്നൂര്‍ പുത്തന്‍തോട് പാലത്തിന്റെ തെക്കെ അറ്റത്തുള്ള ബീമുകള്‍ക്ക് ശേഷം റോഡിനോട് ബന്ധിക്കുന്ന അപ്രോച്ച് റോഡിന്റെ സ്ലാബുകളാണ് അടിയിലുള്ള മണ്ണ് പ്രളയത്തില്‍ ഇടിഞ്ഞുപോയതിനെ തുടര്‍ന്ന് താഴ്ന്നത്. കരുവന്നൂര്‍ കെ.എല്‍.ഡി.സി. കനാലിന് കുറുകെയുള്ള പുത്തന്‍തോട് പാലം പ്രളയകാലത്ത് വെള്ളത്തില്‍ മുങ്ങിയിരുന്നു. ദിനംപ്രതി പാലത്തിലൂടെ കടന്ന് പോകുന്ന വാഹനങ്ങളില്‍ ഈ സ്ഥലത്ത് എത്തുമ്പോള്‍ വലിയ ശബ്ദത്തോടെ പാലത്തിന് കുലുക്കവും അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പി.ഡബ്ല്യൂ.ഡി. റോഡ്സ് വിഭാഗം ഈ ഭാഗത്ത് മണ്ണിട്ട് നികത്തി റീ ടാറിങ്ങ് നടത്തിയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പാലത്തിന് സമീപം പി.ഡബ്ല്യൂ.ഡി. മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നെങ്കിലും പ്രവര്‍ത്തികളൊന്നും നടത്തിയിരുന്നില്ല. ചെറിയ പാലത്തിന്റെ പണി നടക്കുന്നതിനാലാണ് പുത്തന്‍തോട് പാലത്തിന്റെ പ്രവര്‍ത്തികള്‍ നീട്ടിവെച്ചിരുന്നതെന്ന് പി.ഡബ്ല്യൂ.ഡി. ബ്രിഡ്ജസ് വിഭാഗം വ്യക്തമാക്കി. അടുത്ത മഴക്കാലത്തിന് മുമ്പെ താഴേയ്ക്കിരുന്ന സ്ലാബുകള്‍ പൊളിച്ചുമാറ്റി അവിടെ ഫില്ലറിട്ട് ബലപ്പെടുത്തുവാനാണ് പദ്ധതി. ഇതിനായി രണ്ടാഴ്ച റോഡ് ബ്ലോക്ക് ചെയ്ത് ഗതാഗതം തിരിച്ചുവിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. താഴ്ന്നുപോയ സ്ലാബുകള്‍ പൊളിക്കുക, പാലത്തിനോട് ചേര്‍ന്നുള്ള ഭാഗത്ത് കല്ലിട്ട് ബലപ്പെടുത്തി ടാറിങ്ങ് നടത്തുക എന്നിവയാണ് ചെയ്യാനുള്ളതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ പാലത്തിനാണ് പ്രശ്നമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും വിദഗ്ദ്ധ പരിശോധനയില്‍ അപ്രോച്ച് റോഡിനോട് ചേര്‍ന്നുള്ള സ്ലാബുകള്‍ താഴേയ്ക്കിരുന്നതാണ് കാരണമെന്ന് വ്യക്തമായതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റോഡ്സ് വിഭാഗം ഈ ഭാഗത്ത് മണ്ണിട്ട് ഉയര്‍ത്തി ടാറിങ്ങ് നടത്തിയെങ്കിലും അത് ശാശ്വതമല്ല, മൂന്നര മീറ്റര്‍ സ്ഥലത്ത് സ്ലാബ് നീക്കി ഡ്രൈ പാക്ക് ചെയ്ത് വേണം പ്രവര്‍ത്തികള്‍ ചെയ്യാന്‍. മഴക്കാലത്തിന് മുന്നേ അത് പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Advertisement