കോവിഡാണെന്ന് പറഞ്ഞ് ആരും പരീക്ഷമുടങ്ങേണ്ട സ്‌കൂളിലെത്തിക്കാന്‍ ജിനേഷും ഓട്ടോറിക്ഷയും റെഡി

77

പടിയൂര്‍: കോവിഡാണെന്ന് പറഞ്ഞ് ആരും പരീക്ഷമുടങ്ങേണ്ട.സ്‌കൂളിലെത്തിക്കാന്‍ ജിനേഷും ഓട്ടോറിക്ഷയും റെഡി. പടിയൂര്‍ ചെട്ടിയങ്ങാടി അടിപറമ്പില്‍ സന്തോഷ്- ഉഷ ദമ്പതികളുടെ മകനായ ജിനേഷ് (27) ആണ് കോവിസ് ബാധിച്ച പഞ്ചായത്തിലെ രണ്ട് കുട്ടികളെ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിക്കാന്‍ രംഗത്തിറങ്ങിയത്. ഒരു കുട്ടിയുടെ പരീക്ഷയല്ലെ, അതും എസ്.എസ്.എല്‍.സി., അത് മുടങ്ങരുതെന്ന് കരുതിയാണ് ഓട്ടോയുമായി ഇറങ്ങിയതെന്ന് ജിനേഷ് പറഞ്ഞു. ആ കുട്ടിക്ക് പിന്നീട് നെഗറ്റീവായെങ്കിലും പോസറ്റീവായ മറ്റൊരു കുട്ടിയേയും കൊണ്ട് ഇപ്പോഴും പരീക്ഷയ്ക്ക് പോകുകയാണ് ജിനേഷ്. മതിലകം സ്‌കൂളിലും കല്‍പറമ്പ് സ്‌കൂളിലുമായി പരീക്ഷയെഴുതുന്ന രണ്ട് കുട്ടികള്‍ക്കാണ് ജിനേഷിന്റെ കാരുണ്യം കൊണ്ട് പരീക്ഷ എഴുതാന്‍ സാധിച്ചത്. മതിലകം സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയേയും കൊണ്ടാണ് ജിനേഷ് ആദ്യം പോയത്. നിര്‍ദ്ദന കുുടംബത്തിലെ അംഗമായ കുട്ടിക്ക് പരീക്ഷയുടെ തലേദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. പരീക്ഷ എഴുതാന്‍ പോകാന്‍ വേണ്ട പി.പി. കിറ്റോ, വാഹന സൗകര്യമൊരുക്കുന്നതിനുള്ള സാമ്പത്തികമോ ആ കുടുംബത്തിന് ഉണ്ടായിരുന്നില്ല. വിഷമത്തിലായ കുട്ടിയും കുടുംബവും പരീക്ഷ എഴുതേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സംഭവമറിഞ്ഞ പടിയൂര്‍ സബര്‍മതി സംഘടന കുട്ടിക്ക് പി.പി.കിറ്റ് വാങ്ങി നല്‍കി. കുട്ടിയുടെ കുടുംബത്തെ അറിയാവുന്ന ഒരാള്‍ വണ്ടില്‍ കുട്ടിയെ സ്‌കൂളിലെത്തിച്ചെങ്കിലും പിന്നീടുള്ള പരീക്ഷയ്ക്ക് വരാന്‍ തയ്യാറായില്ല. അതോടെ പ്രതിസന്ധിയിലായ കുട്ടി പരീക്ഷ എഴുതേണ്ടെന്ന് സങ്കടത്തോടെ പറഞ്ഞു. ഇതറിഞ്ഞ സബര്‍മതി പ്രസിഡന്റ് ബിജു ചാണശ്ശേരി സംഘടനയിലെ അംഗം കൂടിയായ ജിനേഷുമായി സംസാരിച്ചത്. പരീക്ഷ മുടങ്ങുമെന്നറിഞ്ഞ ജിനേഷ് മറ്റൊന്നും ആലോചിക്കാതെ കുട്ടിയെ സ്‌കൂളിലെത്തിക്കാന്‍ തയ്യാറാകുകയായിരുന്നു. പിന്നീട് ആ കുട്ടിക്ക് നെഗറ്റീവായി. ഇപ്പോള്‍ കഴിഞ്ഞ ദിവസം പോസറ്റീവായ പത്താം ക്ലാസില്‍ തന്നെ പഠിക്കുന്ന മറ്റൊരു കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോകാനുള്ള നിയോഗവും ജിനേഷിനെ തേടിയെത്തി. നേരത്തെ പോസറ്റീവായ കുട്ടിയുടെ പിതാവ് നമ്പര്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഈ കുട്ടിയുടെ രക്ഷിതാക്കള്‍ ജിനേഷിനെ സമീപിച്ചത്.

Advertisement