കാട്ടൂർ ബസ്റ്റാന്റ് പരിസരത്ത് മൃതപ്രാണനായി കണ്ടെത്തിയ മധ്യവയസ്‌കന് കൈതാങ്ങായി കാട്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ

109

കാട്ടൂർ: കാട്ടൂർ ബസ്റ്റാന്റ് പരിസരത്ത് അവശനിലയിൽ കാണപ്പെട്ട മധ്യവയസ്‌കനെ പ്രസിഡന്റ് ഷീജ പവിത്രന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി സന്ദീപ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എം കമറുദ്ദീൻ എന്നിവർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കാട്ടൂർ പഞ്ചായത്ത് 13ആം വാർഡിലെ മുട്ടി നസീം എന്നറിയപ്പെടുന്ന തൊപ്പിയിൽ നസീർ എന്നയാളെയാണ് ബന്ധുക്കൾ എത്താത്തതിന്റെ പേരിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചത്.വിവാഹിതനായ ഇയാൾ കുറേ കാലങ്ങളായി ഭാര്യയും ബന്ധുക്കളുമായി അകന്ന് കഴിയുകയായിരുന്നു.അന്യ സംസ്ഥാനങ്ങൾ ഉൾപ്പെടെ കറങ്ങി നടക്കുന്ന പ്രകൃതക്കാരനായ ഇയാൾ കുറച്ചു നാളുകളായി ബസ്റ്റാന്റ് പരിസരമാണ് വാസസ്ഥലമാക്കിയിരുന്നത്.കുറച്ചു ദിവസം മുൻപ് രണ്ടു കാലുകളും ഒടിഞ്ഞതിനെ തുടർന്ന് വാർഡ് മെമ്പർ രമാ ഭായി ടീച്ചർ ഉൾപ്പെടെയുള്ളവർ ചേർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രണ്ട് ദിവസത്തിന് ശേഷം സ്വമേധയാ പേര് വെട്ടി പോരുകയും ചെയ്തിരുന്നു.കാലത്ത് ഇദ്ദേഹത്തിന്റെ ബന്ധുക്കളേയും പോലീസിനേയും വിവരം അറിയിച്ചിരുന്നു.ബന്ധുക്കൾ എത്താതിരിക്കുകയും പോലീസ് പഞ്ചായത്തിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും കൊറോണയുമായി ബന്ധപ്പെട്ട് കാട്ടൂർ ആശുപത്രിയിൽ അടിയന്തിര യോഗം ഉണ്ടായിരുന്നതിനാൽ ഉച്ചയോട് കൂടിയാണ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് സ്ഥലത്ത് എത്തിചേരാൻ സാധിച്ചത്.കണ്ണ് ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങളിൽ ഉറുമ്പ് വന്നുതുടങ്ങിയത് ശ്രദ്ധയിൽ പെട്ട പ്രസിഡന്റ് അടിയന്തരമായി ആംബുലൻസ് വിളിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശുചീകരണ പ്രവർത്തനങ്ങൾക്ക് വന്ന സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ഇദ്ദേഹത്തിന് ഭക്ഷണവും പഴവും നൽകിയിരുന്നെങ്കിലും അവയൊന്നും ഇദ്ദേഹം കഴിച്ചിരുന്നില്ല.പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരം പഞ്ചായത്ത് മെമ്പർമാരായ സന്ദീപ് , കമറുദ്ദീനും ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ച ഇയാളെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിനാൽ ഷുഗർ,പ്രഷർ,സോഡിയം തുടങ്ങിയ ഘടകങ്ങൾ ശരീരത്തിൽ കുറഞ്ഞതാണ് അബോധാവസ്ഥക്ക് സാധ്യതയായി ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടിയതെന്ന് കമറുദ്ദീൻ അറിയിച്ചു.

Advertisement