മെയിന്റനൻസ് ട്രൈബ്യുണൽ ഇടപെട്ടു: ഇടിഞ്ഞു വീഴാറായ വീട്ടിൽ കാലൊടിഞ്ഞു അവശനിലയിൽ കഴിഞ്ഞിരുന്ന വായോധികയ്ക്ക് സംരക്ഷണമൊരുക്കി

65

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആർ.ഡി. ഓ & മെയിന്റനൻസ് ട്രൈബ്യുണലിന്റെ ഇടപെടലിൽ ഇടിഞ്ഞു വീഴാറായ വീട്ടിൽ കാലൊടിഞ്ഞു അവശനിലയിൽ ഇരിങ്ങാലക്കുട മനവലശ്ശേരി, പെരുവല്ലിപ്പാടത്ത് കഴിഞ്ഞിരുന്ന ഗുരുവിലാസം കല്യാണി (73) എന്ന വായോധികയ്ക്ക് സംരക്ഷണമുറപ്പാക്കി.ഇരിങ്ങാലക്കുട റവന്യു ഡിവിഷണൽ ഓഫീസർ & മെയിന്റനൻസ് ട്രൈബ്യുണൽ ലതിക. സി. യുടെ ഇടക്കാല ഉത്തരവിന്മേൽ ആണ് ഈ നടപടി.വിധവയും വായോധികയുമായ കല്യാണി മക്കളുടെയോ ബന്ധുക്കളുടെയോ സംരക്ഷണമില്ലാതെ ഇടിഞ്ഞു വീഴാറായ വീട്ടിൽ ഇടത് കാൽ ഒടിഞ്ഞു കഴിഞ്ഞുവരുന്ന വിവരം പോലിസ് ഉദ്യോഗസ്ഥനായ ഉത്തമൻ.പി.കെ മെയിന്റനൻസ് ട്രൈബ്യൂണൽ മുൻപാകെ അറിയിക്കുകയായിരുന്നു.വിഷയം ശ്രദ്ധയിൽപ്പെട്ടടോടെ ഇരിങ്ങാലക്കുട ആർ. ഡി.ഓ. ലതിക.സി, മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി. രാധാകൃഷ്ണനോട്‌ അടിയന്തിര അന്വേഷണം നടത്തുവാനും നിലവിലെ അവസ്ഥ വിലയിരുത്തി റിപ്പോർട്ട്‌ സമർപ്പിക്കുവാനും നിർദ്ദേശം നൽകി. തുടർന്ന് ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി. രാധാകൃഷ്ണൻ, ജൂനിയർ സൂപ്രണ്ട് പൂക്കോയ.ഐ.കെ, സെക്ഷൻ ക്ലാർക്ക് കസ്തൂർബായ്, സാമൂഹ്യനീതിവകുപ്പ് ഓർഫനേജ് കൗൺസിലർ ദിവ്യ അബീഷ് എന്നിവർ നേരിട്ടത്തി സ്ഥിതിഗതികൾ വിലയിരുത്തി.കല്യാണിയുടെ ഭർത്താവ് വർഷങ്ങൾക്ക് മുൻപേ മരണപ്പെട്ടു.രണ്ട് ആൺമക്കൾ ആണുള്ളത്.അതിൽ മൂത്തമകൻ മരണപ്പെട്ടിട്ടുള്ളതും രണ്ടാമത്തെ മകൻ അപസ്‌മാര രോഗിയുമാണ്.ഇളയമകൻ കല്യാണിയെ സഹായിച്ചിരുന്നെങ്കിലും രണ്ട് മാസം മുന്നേ വീണു ഇടത് കാലൊടിഞ്ഞ വായോധികയ്ക്ക് പരസഹായം കൂടാതെ കഴിയാനാകില്ല എന്ന അവസ്ഥയായി.കോവിഡ് പ്രതിരോധകാലത്ത് സാമൂഹ്യനീതിവകുപ്പ് വായോക്ഷേമ കോൾ സെന്റർ ഇടപെട്ടു ചികിത്സാ, ആരോഗ്യം മറ്റു കാര്യങ്ങൾ ഉറപ്പാക്കാൻ ഐ.സി.ഡി. എസ് സൂപ്പർവൈസർക്ക് നിർദ്ദേശം നൽകിയിരുന്നതായി ജില്ലാ സാമൂഹ്യനീതി ഓഫീസർ അസ്ഗർഷാ.പി.എച്ച് അറിയിച്ചു.നിലവിൽ താമസിച്ചിരുന്ന വീട് മരുമകളുടെ പേരിൽ ആണെങ്കിലും മകന്റെയോ, മരുമകളുടെയോ മറ്റു ബന്ധുക്കളുടെയോ തുണ ഇല്ലാതെ ഒറ്റയ്ക്കു കഴിയുന്ന അവസ്ഥ ആയിരുന്നു കല്യാണി അഭിമുഖീകരിച്ചിരുന്നത്. മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോവിഡ് സാഹചര്യം പ്രത്യേകം കണക്കിലെടുത്തും വായോധികയുടെ ആരോഗ്യം, ചികിത്സാ എന്നിവ മുൻനിർത്തിയും ഇരിങ്ങാലക്കുട ആർ.ഡി.ഓ. ലതിക.സി.  ഇവരെ അടിയന്തിരമായി  ശാന്തി സദനം ഓൾഡ് ഏജ് ഹോമിലേക്ക് പുനരധിവസിപ്പിക്കാൻ ഉത്തരവ് നൽകുകയായിരുന്നു.കല്യാണിയെ കോവിഡ് പരിശോധനയ്ക്ക് വിധേയയ്യാക്കി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയതിന് ശേഷം സീനിയർ സൂപ്രണ്ട് രേഖ.പി.ജൂനിയർ സൂപ്രണ്ട് പൂക്കോയ.ഐ.കെ,മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ, സാമൂഹ്യനീതിവകുപ്പ് ഓർഫനേജ് കൗൺസിലർ ദിവ്യ അബീഷ്,പോലീസ് ഉദ്യോഗസ്ഥനായ ഉത്തമൻ.പി.കെ എന്നിവർ ചേർന്ന് ആംബുലൻസിൽ കല്യാണിയെ ഇരിങ്ങാലക്കുട ശാന്തി സദനം ഓൾഡ് ഏജ് ഹോമിലേക്ക് മാറ്റി.കല്യാണിയുടെ കാലിലെ എല്ലിന്റെ ഒടിവുകൾ സുഖം പ്രാപിച്ചിട്ടില്ല എന്നും ഓർത്തോ സർജനെ കാണിച്ചത് പ്രകാരം  സർജറി ആത്യാവശ്യമാണ് എന്നും ശാന്തി സദനം ഓൾഡ് ഏജ് ഹോം കറസ്പോണ്ടന്റ് ആയ സിസ്റ്റർ മെർലിൻ ജോസ് അറിയിച്ചു.
കല്യാണിയുടെ കാലിന്റെ സർജറിക്കും തുടർചികിത്സക്കുമായി ഏകദേശം അറുപതിനായിരം രൂപയോളം ചെലവ് വരുമെന്നാണ് കണക്ക് കൂട്ടൽ.ഒറ്റപ്പെടലും,സാമ്പത്തികപ്രതിസന്ധി നേരിടുന്ന കല്യാണിയുടെ സർജറിക്ക് സുമനസ്സുകളുടെയോ, പ്രത്യേക പദ്ധതിക്കളുടെയോ സഹായം ആവശ്യമാണെന്ന അവസ്ഥയാണ്.മുതിർന്നവരുടെ പരാതികൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ “മാതാപിതാക്കളുടെയും മുതിർന്നവരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള ആക്ട് 2007” പ്രകാരം ഈ കേസിൽ തുടർനടപടികൾ കൈകൊള്ളുമെന്ന്  ആർ.ഡി.ഓ & മെയിന്റനൻസ് ട്രൈബ്യൂണൽ ലതിക.സി. പറഞ്ഞു.

Advertisement