‘നാം മുന്നോട്ട്’ : മുരിയാട് മഹാഗൃഹസന്ദര്‍ശനം

66

മുരിയാട്: കൊറോണ- ജലജന്യരോഗ പ്രതിരോധം, മഴക്കാലപൂര്‍വ്വ ശുചീകരണം തുടങ്ങിയ സന്ദേശവുമായി ‘അതീവ ജാഗ്രതയോടെ നാം മുന്നോട്ട്’ എന്ന മുദ്രാവാക്യവുമായി മുരിയാട് പഞ്ചായത്തില്‍ മഹാഗൃഹസന്ദര്‍ശനം സംഘടിപ്പിച്ചു.കൊറോണയുടെ രണ്ടാംതരംഗത്തിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുക, ഡങ്കിപ്പനി, മലമ്പനി, എലിപ്പനി, ജലജന്യരോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ജനങ്ങളെ സജ്ജരാക്കുക, മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനത്തിന്റെ സന്ദേശം എത്തിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഗൃഹന്ദര്‍ശനത്തിലൂടെ നിര്‍വ്വഹിക്കപ്പെട്ടത്. മൂന്നോ, നാലോ പേരടങ്ങുന്ന 250 ല്‍പരം ചെറുസംഘങ്ങള്‍ പഞ്ചായത്തിലെ 17 വാര്‍ഡുകളിലായി 8000 ത്തില്‍ പരം വീടുകളാണ് സന്ദര്‍ശിച്ചത്. കുടുംബശ്രീപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അംഗനവാടി ടീച്ചര്‍മാര്‍, എന്‍.ആര്‍.ഇ.ജി. തൊഴിലാളികള്‍ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ക്യാംമ്പയിനില്‍ പങ്കെടുത്തു. പഞ്ചായത്തംഗങ്ങള്‍ ചെയര്‍മാന്‍മാരായ വാര്‍ഡ്തല ജാഗ്രതസമിതിയാണ് പ്രാദേശികമായി ഗൃഹസന്ദര്‍ശനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി, വൈസ്.പ്രസിഡന്റ് ഷീലജയരാജ്, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി.പ്രശാന്ത്,കെ.യു.വിജയന്‍, രതിഗോപി, പ്രതിപക്ഷപാര്‍ലമെന്ററി പാര്‍ട്ടി നേതാവ് തോമസ് തൊകലത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍കൃഷ്ണകുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷീജമോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതിരോധപ്രവര്‍ത്തനങ്ങളും, നിയന്ത്രണങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ആദ്യപടിയാണ് ‘നാം മുന്നോട്ട്’ മഹാഗൃഹസന്ദര്‍ശനം സംഘടിപ്പിച്ചത്.

Advertisement