വിശ്വാസ സംരക്ഷണത്തിന് യുഡിഎഫ് മുന്നിട്ടിറങ്ങും രമേശ് ചെന്നിത്തല

136

കാട്ടൂർ : ഏതു വിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാൻ യുഡിഎഫ് മുന്നിട്ടിറങ്ങുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫ് അധികാരത്തിൽ എത്തിയാൽ നൂറ് ദിവസത്തിനുള്ളിൽ ശബരിമല വിഷയത്തിൽ വിശ്വാസസംരക്ഷണത്തിനായി നിയമനിർമ്മാണം നടത്തും. യുഡിഎഫിന് അനുകൂലമായ ജനവികാരം അട്ടിമറിക്കാനാണ് വ്യാജവോട്ടർമാരിലൂടെ മാർക്സിസ്റ്റ് പാർട്ടി ശ്രമിക്കുന്നത്. അഞ്ചു വർഷത്തെ അഴിമതിയിലൂടെ സമാഹരിച്ച കോടിക്കണക്കിനു രൂപയാണ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഒഴുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും ഡിസിസി വൈസ് പ്രസിഡന്റുമായ എം.എസ്.അനിൽകുമാർ അധ്യക്ഷത വഹിച്ചു.ടി.എൻ.പ്രതാപൻ എംപി, ഡിസിസി പ്രസിഡന്റ് എം.പി.വിൻസെന്റ്, കെപിസിസി സെക്രട്ടറി ചാൾസ് ഡയസ്, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ.കെ.ശോഭനൻ, സോണിയ ഗിരി, സതീഷ് വിമലൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ്, ബ്ളോക് പ്രസിഡന്റ് കെ.കെ.ജോൺസൺ, എ.എസ്.ഹൈദ്രോസ്, ഇ.എൽ.ജോസ്, എ.പി.വിൽസൺ എന്നിവർ പ്രസംഗിച്ചു.

Advertisement