ഇരിങ്ങാലക്കുട: ഠാണാ- ചന്തക്കുന്ന് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക ലഭ്യമാക്കാന്‍ റവന്യൂ വകുപ്പിന്റെ അനുമതി തേടി പൊതുമരാമത്ത് വകുപ്പ്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 27 കോടിയും കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് 77 ലക്ഷവും പ്രവര്‍ത്തിക്കുവേണ്ടി മൂന്നുകോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനുള്ള അപേക്ഷ പൊതുമരാമത്ത് വകുപ്പ് കളക്ടര്‍ക്ക് കൈമാറി കഴിഞ്ഞു. 17 മീറ്ററില്‍ ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക കൈമാറുന്നതിന് അനുമതി തേടിയാണ് റവന്യു വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഈ അപേക്ഷ തിരുവനന്തപുരത്തുള്ള പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനിയര്‍ റവന്യൂ സെക്രട്ടറിക്ക് കൈമാറും. റവന്യൂ അനുമതി ലഭിച്ചാല്‍ സ്ഥലം ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ വേഗത്തിലാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കൊടുങ്ങല്ലൂര്‍ -ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ നിലവില്‍ 11 മീറ്റര്‍ വീതി മാത്രമുള്ള ഠാണാ ചന്തക്കുന്ന് റോഡ് 17 മീറ്റര്‍ വീതിയിലാക്കി ബി.എം.ബി.സി. നിലവാരത്തില്‍ മെക്കാഡം ടാറിങ് നടത്തിയാണ് വികസിപ്പിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഠാണ- ചന്തക്കുന്ന് റോഡില്‍ ഏറ്റെടുക്കുന്നതിനാവശ്യമായ സ്ഥലം അളന്ന് കല്ലിടല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.
റോഡ് വികസനത്തിനായി 2020- 21 ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് 32 കോടിയുടെ ഭരണാനുമതി ലഭിച്ചത്. ഫെബ്രുവരി 11ന് ഇതിനുള്ള സാങ്കേതിക അനുമതിയും ലഭ്യമായി. ലാന്റ് അക്വിസേഷന്‍ നടപടികള്‍ക്ക് വേണ്ടിയുള്ള 15 ലക്ഷം രൂപയുടെ ടെണ്ടര്‍ നടപടികളും പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. റോഡ് വികസനത്തിനായി ഏകദേശം 160 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ് കരുതുന്നത്. 13.8 മീറ്റര്‍ വീതിയില്‍ റോഡും ബാക്കി 3.2 മീറ്റര്‍ വീതിയില്‍ നടപ്പാതകളോട് കൂടിയ കാനകളുമാണ് ഉണ്ടായിരിക്കുക. ഇതിന് പുറമെ ട്രാഫിക് സേഫ്റ്റിക്ക് വേണ്ടിയുള്ള ലൈന്‍ മാര്‍ക്കിങ്ങ്, റിഫ്ളക്ടറുകള്‍, സൂചന ബോര്‍ഡുകള്‍, ദിശ ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കും.
റവന്യൂ വകുപ്പിന്റെ അനുമതി തേടി പൊതുമരാമത്ത് വകുപ്പ്
Advertisement