അറിവിൻ വരമായി നിറഞ്ഞ പ്രിയപ്പെട്ട അധ്യാപികയ്ക്ക് യാത്രയയപ്പു നൽകാൻ പൂർവ്വ വിദ്യാർത്ഥിനികൾ

469

ഇരിങ്ങാലക്കുട: അറിവിൻ വരമായി നിറഞ്ഞ പ്രിയപ്പെട്ട അധ്യാപികയ്ക്ക് യാത്രയയപ്പു നൽകാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നൊരുമിച്ച് പൂർവ്വ വിദ്യാർത്ഥിനികൾ. സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായ ഡോ. ഷാലി അന്തപ്പന് യാത്രയയപ്പ് നൽകാനാണ് വിദേശത്തും സ്വദേശത്തുമുള്ള ഇരുന്നൂറ്റമ്പതോളം പൂർവ്വ വിദ്യാർത്ഥിനികൾ സൂം പ്ലാറ്റ്ഫോമിൽ ഒരുമിച്ചത്. സെന്റ് ജോസഫ്സിൽ 32 വർഷം അധ്യാപികയായിരുന്ന ഡോ. ഷാലി നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറായും വിമൻ സെൽ കോർഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാർത്ഥിനികളുടെ ഹൃദയം കവരുന്ന പെരുമാറ്റവും അധ്യാപന ശൈലിയും നേതൃത്വപാടവവും കൊണ്ട് ജനപ്രിയയായ അധ്യാപികയാണ് ഡോ. ഷാലിയെന്ന് ആമുഖ ഭാഷണത്തിൽ ഡോ. ആഷ തോമസ് പറഞ്ഞു. ലിജോയ് ജോയ് സ്വാഗത ഭാഷണവും വീണാ സാനി നന്ദിയും പറഞ്ഞ ചടങ്ങിൽ മുപ്പതോളം വിദ്യാർത്ഥിനികൾ സംസാരിച്ചു. ഡോ. ഷാലിയോടുള്ള ബഹുമാനാർത്ഥം സംഘടിപ്പിക്കുന്ന ഹാരി പോർട്ടർ ക്വിസ് ബ്രോഷർ ചടങ്ങിൽ പ്രകാശനം ചെയ്തു. ഡോ. ഷാലിയുടെ പേരിൽ പൂർവ്വ വിദ്യാർത്ഥിനികൾ ആരംഭിക്കുന്ന എൻഡോവ്മെന്റ് തുക മായാ ലക്ഷ്മി കോളജിനു കൈമാറി. രണ്ടു മണിക്കൂർ നീണ്ട ചടങ്ങിന് ലിജോയ് ജോയ്, ഗീത ജേക്കബ്, ഡോ. സാജോ ജോസ്, മൗഷ്മി മുഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി.

Advertisement