പ്രതിഭാസംഗമമായി ദീപസ്തംഭം ഷോര്‍ട്ഫിലിം

34

ഇരിങ്ങാലക്കുട : കുഞ്ചന്‍നമ്പ്യാരുടെ ജനനത്തെ അടിസ്ഥാനമാക്കി ഇരിങ്ങാലക്കുട, പേഷ്‌കാര്‍ റോഡില്‍ സി. വിനോദ് കൃഷ്ണന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച ദീപസ്തംഭം ഷോര്‍ട്ഫിലിം ശ്രദ്ധേയമാകുന്നു. യുടൂബിലൂടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കഥകളി നടന്‍മാരായ കോട്ടയ്ക്കല്‍ ദേവദാസ്, കലാനിലയം ഗോപിനാഥന്‍, നാടക സംവിധായകന്‍ നരിപ്പറ്റ രാജു, നര്‍ത്തകി കലാക്ഷേത്ര വിനീത എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടി, മേളപ്രമാണി പെരുവനം കുട്ടന്‍മാരാര്‍ എന്നിവര്‍ അതിഥിവേഷത്തില്‍ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ഇരിങ്ങാലക്കുടക്കാരനായ പ്രശാന്ത്കുമാര്‍ കെ.പിയും നിഖില്‍ ടി.തോമസുമാണ്. ബ്ലിസ്‌റൂട്‌സ് മീഡിയയ്ക്കുവേണ്ടി ബിന്ദു പി.മേനോന്‍, രൂപേഷ് ജോര്‍ജ് എന്നിവരാണ് ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. കഥകളി ഗായകന്‍ അത്തിപ്പറ്റ രവീന്ദ്രനാണ് കവിതാരചനയും സംഗീതവും ആലാപനവും. ചിത്രത്തിന്റെ പോസ്റ്റര്‍ കുഞ്ചന്‍നമ്പ്യാരുടെ ഭവനമായ കിള്ളിക്കുറിശ്ശിമംഗലം കലക്കത്ത് വച്ച് പ്രഫ. മാധവന്‍ പ്രകാശിപ്പിച്ചു. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ വന്‍ പ്രേക്ഷകാഭിപ്രായമാണ് ഹ്രസ്വചിത്രം നേടിയത്. മലയാള സാഹിത്യത്തിനും കലയ്ക്കും അടിത്തറ പാകിയവരില്‍ മുഖ്യനായ കുഞ്ചന്‍നമ്പ്യാര്‍ക്കുള്ള സമര്‍പ്പണമാണ് ഈ ചിത്രമെന്ന് സംവിധായകന്‍ പറഞ്ഞു. കോവിഡ് കാലം ഒരു കലാകാരന് സൃഷ്ടിക്കുന്ന ആഘാതത്തെ സംബന്ധിച്ച് വിനോദ് കൃഷ്ണന്‍ ഒരുക്കിയ ‘ആഭരണം’ എന്ന ഷോര്‍ട്ഫിലിമും ജനപ്രീതിനേടിയതാണ്. പ്രസ്തുതചിത്രം സാംസ്‌കാരികവകുപ്പു മന്ത്രി എ.കെ. ബാലന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു.

Advertisement